മലയിൻകീഴിൽ മോഷണ പരമ്പര: പത്തുദിവസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം
1515619
Wednesday, February 19, 2025 6:01 AM IST
കാട്ടാക്കട: മലയിൻകീഴിൽ മോഷണ പരമ്പര. പത്തുദിവസമായി പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. ഏറ്റവും ഒടുവിൽ മച്ചേൽ ഹൈന്ദവത്തിൽ ആർ.എസ്. പണിക്കരുടെ വീട്ടിൽനിന്ന് ആറുപവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. വീടിനു പിറകുവശത്തെ ഇരുമ്പ് ഗ്രിൽ തകർത്താ ണ് മോഷ്ടാക്കൾ അകത്തുകടന്നത്.
മകന്റെ വിവാഹത്തിനായി വീട്ടുകാർ ആഗ്രയിലായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. മുറികളിലെ വാതിലുകൾ കമ്പിപ്പാരകൊണ്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്. കിടപ്പുമുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മച്ചേൽ ശങ്കരമന്ദിരത്തിൽ ഗിരീഷിന്റെ വീട്ടിൽ നിന്ന് ഒന്നരപ്പവന്റെ സ്വർണാഭരണം കഴിഞ്ഞയാഴ്ച മോഷണം പോയിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകി.
മച്ചേൽ വല്ലഭം രഘുനാഥിന്റെ വീട്ടിൽ കടന്ന മോഷ്ടാക്കൾ പിറകുവശത്തെ ഗ്രില്ല് മുറിച്ചുമാറ്റി അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. മച്ചേൽ ശ്രീലയത്തിൽ രാജേഷിന്റെ വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു.