കാഴ്ചയ്ക്കപ്പുറം...
1515615
Wednesday, February 19, 2025 6:01 AM IST
എസ്. മഞ്ജുളാദേവി
സിനിമയുടെ കച്ചവടസാധ്യതകളെ കുറിച്ചോ, സിനിമയിലൂടെ നേടാവുന്ന പ്രശസ് തിയെ കുറിച്ചോ ഒന്നും ആലോചിക്കാതെ സിനിമയെ ഹൃദയം കൊണ്ട് സ്നേഹിച്ച ഒരു തിരക്കഥാകൃത്തും ചലച്ചിത്ര നിരൂപകനും ആയിരുന്നു പ്രഫ. ശ്രീവരാഹം ബാലകൃഷ്ണൻ. അതുകൊണ്ടു തന്നെ താൻ തിരക്കഥ രചിച്ച വൻ ഹിറ്റുകളായ സിനിമകളുടെ ടൈറ്റിലിൽ ചിലപ്പോൾ തിരക്കഥാകൃത്തായി സിനിമയുടെ സംവിധായകന്റെ പേരു മാത്രം തെളിയുന്പോൾ അദ്ദേഹം അത് കാര്യമാക്കിയതേയില്ല.
സിനിമ നന്നായല്ലോ എന്നു മാത്രമാവും ആ നിമിഷങ്ങളിൽ ശ്രീവരാഹം ചിന്തിച്ചതും! ചില ചിത്രങ്ങളിൽ ഒരു ഒൗദാര്യം പോലെ സംവിധായകന്റെ പേരിനൊപ്പം തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീവരാഹം ബാലകൃഷ്ണൻ എന്ന പേരു ചേർത്തിരുന്നു. ശ്രീവരാഹം തിരക്കഥ രചിച്ച ഭൂരിഭാഗം സിനിമകളുടെയും സംഭാഷണത്തിന്റെ മാത്രം ഉടമസ്ഥാവകാശം അദ്ദേഹത്തിനു നല്കി കാരുണ്യം കാണിച്ചവരും ഉണ്ട്.
ഈ വെട്ടിപ്പിടിക്കലുകളെല്ലാം സിനിമയുടെ ഭാഗമാണ് എന്നറിയാവുന്നതു കൊണ്ടാവും ഒരു കേസിനു വഴക്കിനും ശ്രീവരാഹം ബാലകൃഷ്ണൻ ഒരിക്കലും പോയിട്ടില്ല. എന്തിനു ഒരു ചോദ്യം പോലും ഉണ്ടായതായും അറിയില്ല.
സിനിമ തനിക്കു എന്താണെന്ന ഉത്തമബോധ്യം ഉണ്ടായിരുന്നതും ഒരുപക്ഷേ ഈ നിർമമതയുടെ പിന്നിലെ കാരണമാവാം. കേരള സർക്കാരിനു വേണ്ടി കുടുംബാസൂത്രണത്തെ ആധാരമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമായ പ്രതിസന്ധിയും ജേസിയുടെ അശ്വതിയും ശ്രീവരാഹം ബാലകൃഷ്ണൻ എന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. മലയാള സിനിമയെ ലോക നെറുകയിലെത്തിച്ച അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമയുടെ തിരക്കഥാകൃത്ത് എന്ന മേൽവിലാസം ചെറുതല്ല. അതുപോലെ ജേസി ചിത്രം നല്കിയ ഒൗന്നിത്യവും.
ലെനിൻ രാജേന്ദ്രന്റെ സ്വാതി തിരുനാൾ, കെ.ജി. ജോർജിന്റെ ഇലവങ്കോട് ദേശം, ഹരികുമാറിന്റെ സ്നേഹപൂർവം മീര തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളാണ്.
അടൂരിന്റെ ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആദ്യ ശില്പികളിൽ ഒരാളാണ് ശ്രീവരാഹം ബാലകൃഷ്ണൻ എന്നതും മറക്കുവാൻ കഴിയുന്നതല്ല. ശ്രീവരാഹം ബാലകൃഷ് ണന്റെ ചലച്ചിത്ര നിരൂപണ ലേഖനങ്ങൾ ലോകചലച്ചിത്ര നിരൂപണ ചരിത്രത്തിന്റെ തന്നെ ഭാഗമാകേണ്ടവയാണ്.
എന്നാൽ തിരക്കഥകളുടെ കാര്യത്തിലെന്ന പോലെ സിനിമാ ലേഖനങ്ങളുടെ കാര്യത്തിലും ഉദാസീനനായിരുന്നു ശ്രീവരാഹം. പ്രശസ്ത ചലച്ചിത്ര നിരൂപകനും കഥാകൃത്തുമായ വിജയകൃഷ്ണൻ പറയുന്നു... ലോക സിനിമകളോടുള്ള എന്റെ ആഭിമുഖ്യം വളർത്തുവാൻ ബാലപ്പൻ ചേട്ടന്റെ ലേഖനങ്ങൾ വളരെയേറെ സഹായകരമായിട്ടുണ്ട്. മലയാള രാജ്യം ചിത്ര വാരികയിൽ ആഴ്ചതോറും ബാലൻ എന്ന പേരിൽ അദ്ദേഹം സിനിമാനിരൂപണം എഴുതിയിരുന്ന ഒരു കാലമുണ്ട്. മലയാള സിനിമകളെ കുറിച്ചല്ല മറിച്ച് ഹോളിവുഡ് സിനിമകളെയും ബോളിവുഡ് ചിത്രങ്ങളെയും കുറിച്ചുള്ള ഈടുറ്റ ലേഖനങ്ങളായിരുന്നു അവ.
പിൽക്കാലത്ത് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിൽ മലയാള സിനിമകളെ കുറിച്ചെഴുതിയ നിരൂപണങ്ങളും ശ്രദ്ധേയമാണ്. കുറച്ചു വർഷങ്ങൾക്കു മുന്പ് ഈ ലേഖനങ്ങൾ സമാഹരിച്ച് ഒരു പുസ്തകം ഇറക്കണമെന്ന ആഗ്രഹം എനിക്കുണ്ടായി. എന്നാൽ അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ കൈയിൽ ഒരു ലേഖനം പോലുമില്ല എന്ന മറുപടിയാണ് ലഭിച്ചത്.
മാത്രമല്ല സിനിമാ നിരൂപണ സമാഹാരം പുറത്തിറക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ച് കണ്ടില്ല. എഴുത്തിലൂടെയോ, നിരൂപണത്തിലൂടെയോ നേടി എടുക്കാവുന്ന പ്രശസ്തി, പണം, ആനുകൂല്യങ്ങൾ അങ്ങനെ ഒന്നും ബാലപ്പൻ ചേട്ടന്റെ ചിന്തകളിൽ പോലും ഉണ്ടായിരുന്നില്ല എന്ന് പറയുകയാവും ശരി.
ബാലപ്പൻ ചേട്ടന്റെ മികച്ച കഥകൾ പ്രമുഖ വാരികകളിൽ വായിച്ചിട്ടുള്ളതും ഈ വേളയിൽ ഓർമിക്കുന്നു.