ആശാവർക്കർമാർ ആരോഗ്യരംഗത്തെ കാലാൾപ്പട: ഡോ. ഗീവർഗീസ് മാർ കൂറിലോസ്
1515614
Wednesday, February 19, 2025 6:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാവർക്കർമാർ ആരോഗ്യരംഗത്തിന്റെ കാലാൾപ്പടയാണെന്നു ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരത്തിന്റെ ഒന്പതാം ദിവസം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ആശാ വർക്കർമാരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയാറാകണം. കോവിഡ് കാലത്ത് പാടിപ്പുകഴ്ത്തിയവരെ സർക്കാർ ഇന്നു പാടെ അവഗണിക്കുകയാണ്. അടിത്തട്ടിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നയം സർക്കാർ സ്വീകരിക്കണം. മനുഷ്യൻ ആകണമെന്നു പാടിയാൽ പോരാ അത് ജനങ്ങൾക്ക് അനുഭവവേദ്യമാകണം എന്നും അദ്ദേഹം പറഞ്ഞു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കേരള ചർച്ച് കൗണ്സിൽ പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി. തോമസ്, പ്രതിനിധികളായ ഫാ. കുര്യൻ ഈപ്പൻ, ഫാ. സിൽവാനിയോസ്,
ഫാ. സെൽവദാസ് പ്രമോദ്, ഫാ. എ ആർ. നോബിൾ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ. ഒ.എം. ശമുവേൽ, ഫാ. സജി മേക്കാട്ടിൽ, റവ. ഡോ. പവിത്ര സിംഗ്, റവ. സത്യരാജ്, റവ. രതീഷ് ടി. വെട്ടുവിളയിൽ, റവ. ജസ്റ്റിൻ രാജ്, റവ. ഡീക്കൻ അജിത്, അനീഷ് തോമസ് വാണിയത്ത്, ഡെന്നിസ് സാംസണ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോർവേഡ് ബ്ലോക്ക്, സംസ്ഥാന ഭിന്നശേഷി അസോസിയേഷൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംഘടനകളാ നേതാക്കളും പ്രവർത്തകരും ആശാവർക്കർമാരുടെ സമരത്തിനു പിന്തുണ അർപ്പിക്കാനെത്തിയിരുന്നു.