പട്ടം സെന്റ് മേരീസ് സ്കൂളിനെ തകർക്കാൻ ചിലരുടെ ഗൂഢശ്രമെന്ന് സ്കൂൾ അധികൃതർ
1515613
Wednesday, February 19, 2025 6:01 AM IST
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് സ്കൂളിനെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ചിലർ വിചിത്ര ആരോപണങ്ങളുമായി രംഗത്ത് വരുന്നതായി പ്രിൻസിപ്പൽ ഫാ. നെൽസണ് വലിയവീട്ടിൽ.
90 വർഷത്തോളം ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ജീവിതത്തിന്റെ ശരിയായ വഴികൾ തുറന്നുകൊടുത്ത വിദ്യാലയത്തെ ഏറ്റെടുത്തതും വളർത്തിയതും തിരുവനന്തപുരം നഗരത്തിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ രക്ഷകർത്താക്കളും നാട്ടുകാരുമാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂളിനെതിരെ ഒരു രക്ഷകർത്താവ് തെറ്റായ ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നതായി പ്രിൻസിപ്പൽ പ്രസ്താവനയിൽ പറഞ്ഞു.
തന്റെ മകനെ അകാരണമായി അടിച്ചു എന്നതാണ് രക്ഷകർത്താവിന്റെ പരാതി. 10,000 ത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ഒരു കായികാധ്യാപകന്റെ പോസ്റ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കുട്ടികളുടെ കായിക അഭിരുചി വളർത്തുന്നതിനും പൊതു ഇടങ്ങളിലുള്ള അവരുടെ സ്വഭാവും അച്ചടക്കവും മെച്ചപ്പെടുത്തുന്നതിനും പിടിഎയുടെ സഹായത്തോടെ കൂടുതൽ പരിചയസന്പന്നരായ അധ്യാപകരെയോ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയോ നിയമിക്കാറുണ്ട്. പ്രത്യേകിച്ചും രാവിലെയും വൈകുന്നേരങ്ങളിലും.
മെയിൻ റോഡിലും സ്കൂളിന്റെ വിവിധ കോർണറുകളിലും, ടോയ്ലറ്റ് പരിസരങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. കുട്ടികളിൽ തെറ്റായ ചിന്തകളും പ്രവർത്തനങ്ങളും വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽക്കൂടിയാണ് ടോയ്ലറ്റ് പരിസരങ്ങൾ പ്രത്യേകം നിരീക്ഷണ വിധേയമാക്കുന്നത്. ടോയ്ലറ്റിൽ പോകുന്നതിനുള്ള സമയപരിധി കഴിഞ്ഞാൽ കുട്ടികൾ അതിന്റെ പരിസരങ്ങളിൽ കൂടിനിൽക്കാൻ പാടില്ല എന്നുള്ളത് കർശന നിർദേശമാണ്. ഇപ്രകാരം കുട്ടികൾ കൂടിനിന്ന അവസരത്തിലാണ് കായിക അധ്യാപകനിൽ നിന്നും പരാതിക്കാരനായ കുട്ടിക്ക് ചെറിയ ഒരു അടി കിട്ടിയത്.
ആവർത്തിച്ചു പറഞ്ഞിട്ടും ക്ലാസിലേക്ക് പോകാൻ കൂട്ടാക്കാഞ്ഞതിനാലും വളരെ നിഷേധഭാവത്തിൽ മറുപടി പറഞ്ഞതിനാലുമാണ് അപ്രകാരം അധ്യാപകൻ പ്രതികരിച്ചത്.
എന്നാൽ കുട്ടിയുടെ മാതാപിതാക്കൾ ഒരു പരാതിപോലും സ് കൂളിൽ നൽകാതെയാണ് പോലീസിൽ പരാതിപ്പെട്ടത്. ഫോണിൽ പറഞ്ഞ പരാതിയുടെ പേരിൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ആ താത്കാലിക അധ്യാപകനെ പിരിച്ചുവിട്ടിട്ടും, ഇന്റേണൽ കമ്മീഷനെവച്ച് പരാതികൾ മുഴുവൻ പരിശോധിക്കുവാൻ തീരുമാനിച്ചിട്ടും കുട്ടിയുടെ രക്ഷകർത്താക്കൾ യാതൊരു തരത്തിലും ഇതിനോടൊന്നും സഹകരിച്ചില്ല.
നേരിട്ട് കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കുവാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനോട് വളരെ അപമര്യാദയായി സംസാരിക്കുകയും വീടിന്റെ ഗേറ്റു തുറക്കാൻ പോലും കൂട്ടാക്കിയുമില്ല. സ്കൂളിൽ അമിതമായി ഫീസ് പിരിക്കുന്നു എന്ന പുതിയ ആരോപണവുമായിട്ടാണ് ഇപ്പോൾ ഇവർ രംഗത്ത് വന്നിട്ടുള്ളത്.
10000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കായിക അധ്യാപകർ, ശുചീകരണ പ്രവർത്തികൾ ചെയ്യാനുള്ളവർ എന്നിവരുടെ എണ്ണം ഗവണ്മെന്റ് അനുവദിച്ചിരിക്കുന്നത് അനുസരിച്ച് വളരെ പരിമിതമാണ്. പട്ടം സെന്റ് മേരീസ് പോലെയുള്ള ഒരു സ്കൂൾ ഇന്നു കാണുന്നതുപോലെ സംരക്ഷിക്കപ്പെടുന്നതും കുട്ടികൾക്ക് മികച്ച സൗകര്യങ്ങളോടുകൂടി അനുദിനം നൽകപ്പെടുന്നതിന്റെയും കാരണം രക്ഷകർത്താക്കളും, മാനേജ്മെന്റും, അധ്യാപകരും ഒരുപോലെ അതിന്റെ പിന്നിലെ ത്യാഗം ഏറ്റെടുത്തതുകൊണ്ടാണ്.
സാഹചര്യം ഇതായിരിക്കെ സ്കൂളിനെതിരെയുള്ള ഇത്തരം ഗൂഢ ആരോപണങ്ങളുടെ സത്യാവസ്ഥ മനസിലാക്കണമെന്നും പ്രിൻസിപ്പൽ ഫാ. നെൽസണ് വലിയവീട്ടിലും വൈസ് പ്രിൻസിപ്പൽ റാണി അലക്സും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.