അരുവിക്കര-ചെറിയകൊണ്ണി റോഡിന് 6.5 കോടി രൂപയുടെ ഭരണാനുമതി
1515612
Wednesday, February 19, 2025 6:01 AM IST
തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തിലെ മേജർ ഡിസ്ട്രിക്ട് റോഡായ വെള്ളനാട് - ചെറിയകൊണ്ണി റോഡിന്റെ പുനർനിർമാണത്തിന് 6.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.
മേപ്പാട്ടുമല- തേവൻകോട്- കുതിരക്കുളം- മണന്പൂർ വഴിയുള്ള നാലര കിലോമീറ്റർ റോഡ് വെള്ളനാട്, മുണ്ടേല, കൊക്കോതമംഗലം മേഖലകളെയും വെള്ളനാട് സ്കൂൾ, അന്പലം എന്നിവയേയും തിരുവനന്തപുരം നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡാണ്.
നാലു മീറ്റർ വീതിയിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്തിരിക്കുന്ന നിലവിലെ റോഡ് 5.5 മീറ്റർ വീതിയിൽ ബിഎംബിസി നിലവാരത്തിൽ നവീകരിച്ച് പുനർനിർമിക്കുന്നതിനാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. ഓടയും സംരക്ഷണം ഭിത്തികളും സ്ഥാപിക്കുന്നതിനൊപ്പം ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് റോഡ് പണിയുക. വൈദ്യുത പോസ്റ്റുകളും ഇതോടൊപ്പം മാറ്റിസ്ഥാപിക്കും.