അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 29-ാം വർഷവും പി.ആർ. ശ്രീകുമാർ
1486795
Friday, December 13, 2024 6:44 AM IST
എസ്. മഞ്ജുളാദേവി
ഡിസംബർ 17- കോഴിക്കോട് ടാഗോർ തിയറ്ററിൽ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങി. ഉദ്ഘാടനച്ചടങ്ങിനുശേഷം ആദ്യം പ്രദർശിപ്പിച്ച മലയാളത്തിന്റ നിശബ്ദ ചിത്രമായ മാർത്താണ്ഡവർമ കണ്ടു. പകൽ ഒരു ക്യൂബൻ സിനിമയുംകൂടി കണ്ടശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്...
1994 ഡിസംബർ 17നു കോഴിക്കോട് തുടക്കംകുറിച്ച കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുത്തശേഷം വീട്ടിൽ മടങ്ങിയെത്തിയ പി. ആർ. ശ്രീകുമാർ തന്റെ ഡയറിയിൽ കുറിച്ചിട്ട വരികളാണിത്.
സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഡോക്യുമെന്ററി - ഹൃസ്വചിത്ര സംവിധായകനും പ്രകൃതി ഫോട്ടോഗ്രഫറുമായ പി. ആർ. ശ്രീകുമാറിന്റെ ഡയറി കുറിപ്പുകൾ ഐഎഫ്എഫ്കെ എന്ന മഹാചലച്ചിത്രമേളയുടെ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ്. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ കൊടി ഉയരുന്പോൾ കഴിഞ്ഞ 28 വർഷങ്ങളായി മേളയ്ക്കൊപ്പം സഞ്ചരിച്ച പി. ആർ. ശ്രീകുമാർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു, പതിവുപോലെ..!!!
കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും ഇതുവരെ നടന്ന എല്ലാ മേളകളിലും പങ്കെടുത്തിട്ടുള്ള ശ്രീകുമാർ ഇതിനോടകം തൊള്ളായിരത്തി അന്പതോളം സിനിമകൾ കണ്ടുകഴിഞ്ഞു. ഓരോ മേളയിലും 35-36 സിനിമകൾ കാണും. ഇക്കുറികൂടി കഴിഞ്ഞ് മുപ്പതാമത് മേളയിലേക്കു കാൽകുത്തുന്പോൾ ഐഎഫ്എഫ്കെയിൽ ആയിരം സിനിമകൾ കണ്ടു എന്ന റെക്കോർഡും ഈ സിനിമാ പ്രേമിയ് ക്ക് സ്വന്തം.
മേളയിൽ ദിവസവും കാണുന്ന സിനിമകൾ ഡയറിയിൽ എഴുതിവയ്ക്കുന്ന പതിവുമുണ്ട്. സിനിമയുടെ പേര്, ഭാഷ, സിനിമ കണ്ട സമയം, ഒരു ചെറിയ വിലയിരുത്തൽ എന്നിങ്ങനെ നീളും ആ കുറിപ്പുകൾ.
1978 മുതൽ ഡയറി എഴുതുന്ന ശീലമുള്ള ശ്രീകുമാറിന്റെ ഡയറിയിലെ ഡിസംബർ താളുകൾക്ക് തിളക്കമേറും. 2022-ൽ മഞ്ഞിൽ കുതിർന്ന ടർക്കിഷ് സിനിമയായ സ്നോ ആൻഡ് ദ ബെയർ കണ്ടപ്പോൾ ഉണ്ടായ ആഹ്ലാദവും ഡയറിത്താളുകളിൽ കാണാം.! 1994 ലെ ആദ്യമേളയിൽ പങ്കാളിയായതിനെക്കുറിച്ച് ശ്രീകുമാർ പറയുന്നത് കേൾക്കാം.
1994 ഡിസംബർ 17 മുതൽ 23 വരെ കോഴിക്കോട് നടന്ന ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം കാണണമെന്ന ചിന്ത ആദ്യം ഉണ്ടായില്ല. ദീർഘദൂരം യാത്ര ചെയ്ത് കോഴിക്കോടുവരെ പോയി സിനിമ കാണേണ്ട എന്നു കരുതി. എന്നാൽ തലേദിവസം മനസ് തുടികൊട്ടാൻ തുടങ്ങി. പോയേതീരൂ എന്ന വികാരം അടക്കുവാൻ വയ്യാതെ ആയപ്പോൾ കോഴിക്കോട് എത്തിയാണ് മേള കണ്ടത്.
പിന്നീട് ഇങ്ങോട്ട് ഇത്രയും വർഷം ഡെലിഗേറ്റായോ ഒൗദ്യോഗിക പ്രതിനിധിയായോ മേളയ്ക്കൊപ്പം പി.ആർ. ശ്രീകുമാറും ഉണ്ട്. 1995 മുതലുള്ള ഡെലിഗേറ്റ് കാർഡുകളും കൈവശമുണ്ട്. (1994-ൽ നടന്ന ആദ്യ ചലച്ചിത്ര മേളയിൽ ഡെലിഗേറ്റായിട്ടല്ല ശ്രീകുമാർ പങ്കെടുത്തത്) 1995-ൽ തിരുവനന്തപുരത്തു നടന്ന ഐഎഫ് എഫ്കെയുടെ ഫെസ്റ്റിവൽ ബുക്ക് മുതൽ 2023ലെ ബുക്ക് വരെ സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെയുള്ള ഐഎഫ്എഫ്കെയുടെ നാൾവഴികളും അദ്ദേഹത്തിനു മനഃപാഠം.
കോവിഡ് മഹാമാരിയെ തുടർന്ന് 2020-ൽ മേള നടന്നിരുന്നില്ല. (അക്കാലത്ത് വീട്ടിൽ ചെറിയൊരു ഹോം തിയറ്റർ ഒരുക്കിയാണ് ശ്രീകുമാർ സിനിമ കണ്ടിരുന്നത്) 2021-ൽ കോവിഡ് ശക്തി കുറഞ്ഞ സമയം കണക്കിലെടുത്താണ് 25-ാമത് മേള നടത്തിയത്. തിരുവനന്തപുരത്ത് ആരംഭിച്ച മേള നാലു ദിവസമായിരുന്നു. പിന്നീട് കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലും മേള സംഘടിപ്പിച്ചു.
വിശദമായ കോവിഡ് പരിശോധനയ്ക്കുശേഷമാണ് ഡെലിഗേറ്റ് പാസുകൾ അന്നു നല്കിയത്. തിയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമായിരുന്നു പ്രവേശനം. അന്നും പി.ആർ. ശ്രീകുമാർ ഡെലിഗേറ്റായിരുന്നു. മകളും നവജാത ശിശുവും അക്കാലത്ത് തന്റെ വീട്ടിലുണ്ടായിരുന്നതിനാൽ കോവിഡ് ഇല്ലാതെ തന്നെ കോവിഡ് രോഗിയെപ്പോലെ വീട്ടിലെ മുറിയിൽ ഒറ്റയ്ക്ക് അടച്ചിരുന്ന അനുഭവവും ഉണ്ടെന്ന് ശ്രീകുമാർ.
തീയറ്ററിൽ നിന്നും സിനിമ കണ്ട് വീട്ടിലെത്തിയാൽ നേരേ മുകൾ നിലയിലെ എന്റെ മുറിയിലേക്കു പോകും. പ്രത്യേക പാത്രത്തിൽ ഭക്ഷണം വരെ കുടുംബക്കാർ എന്റെ മുറിയിലേക്കു എത്തിക്കുമായിരുന്നു. തടവറയിലെന്ന പോലെ കഴിഞ്ഞുവെങ്കിലും മേള കാണുവാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം വളരെയായിരുന്നു...
പി. ആർ. ശ്രീകുമാറിന്റെ സിനിമാഭ്രമം കുട്ടിക്കാലം മുതൽ തന്നെ തുടങ്ങുന്നു. നല്ല സിനിമകൾ റിലീസാകുന്പോൾ അച്ഛൻ തിയറ്ററിൽ കൊണ്ടുപോയി സിനിമ കാണിച്ചിരുന്നു. എറണാകുളം ജയലക്ഷ്മി ടാക്കീസിൽ ഇളയച്ചന്മാർക്കൊപ്പം ബഞ്ചിലിരുന്നും മുൻവശത്തെ മണ്കൂനയിലിരുന്നും കണ്ട സിനിമകളും ശ്രീകുമാർ ഇന്നും ഓർമിക്കുന്നു.
ഒടിടി പ്ലാറ്റ്ഫോമിൽ പുതിയ സിനിമകൾ കാണുന്നുണ്ട്. എങ്കിലും തിയറ്ററിൽ ധാരാളം പ്രേക്ഷകർക്കൊപ്പമിരുന്നു നിമ കാണുന്നതാണ് എനിക്കു കൂടുതൽ ഇഷ്ടം. ആയിരം കണക്കിനു സിനിമാസ്വാദകർ തിങ്ങിനിറയുന്ന ഐഎഫ്എഫ്കെ എന്റെ ലഹരിയാണ്...