ഐഎഫ്എഫ്കെ: സ്മൃതിദീപശിഖ കൈമാറി ഹാരിസ് ഡാനിയല്‍
1486793
Friday, December 13, 2024 6:44 AM IST
നെയ്യാറ്റിന്‍കര: വെല്ലുവിളികള്‍ നേരിട്ട് ചരിത്രം കുറിച്ച സവിശേഷ വ്യക്തിത്വമാണ് മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേല്‍ എന്ന് കെ. ആന്‍സലന്‍ എംഎല്‍എ. ഐഎഫ്എഫ്കെ 2024 ന്റെ ഭാഗമായി നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ജെ.സി. ഡാനിയല്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച സ്മൃതിദീപ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലാകെ ജെ.സി. ഡാനിയലിനെ ഓര്‍മിക്കാനാകുന്ന ഒരു സ്മൃതിമണ്ഡപമുള്ളത് നെയ്യാറ്റിന്‍കരയില്‍ മാത്രമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ചൂണ്ടിക്കാട്ടി. സിനിമയ്ക്കായി ജീവിതം സമര്‍പ്പിച്ച ജെ.സി. ഡാനിയല്‍ സിനിമയുടെ രക്തസാക്ഷിയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍ പറഞ്ഞു.
ജെ.സി ഡാനിയലിന്റെ മകന് ഹാരിസ് ഡാനിയല്‍, കവി വിനോദ് വൈശാഖി, നടന്മാരായ ജോബി, സന്തോഷ് കീഴാറ്റൂര്‍, ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സോന എസ്. നായര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എയ സാദത്ത്, ജെ. ജോസ് ഫ്രാങ്ക്ളിന്, എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍മാര്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
സ്മൃതി ദീപപ്രയാണം തുടർന്ന് മലയാളത്തിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളത്തിന്റെ വസതിയില്‍ എത്തിച്ചു. കോമളത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചശേഷം സ്മൃതിദീപവുമായി സംഘാടകര്‍ തിരുവനന്തപുരത്തേയ്ക്ക് പ്രയാണം തുടര്‍ന്നു. ചലച്ചിത്ര അക്കാദമിയും നെയ്യാറ്റിന്‍കര നഗരസഭയും സംയുക്തമായാണ് ചരിത്രത്തിലെ ആദ്യ സ്മൃതിദീപ പ്രയാണം സംഘടിപ്പിച്ചത്.
പിതാവിന്റെ ഓര്‍മയില്‍ ഹാരിസ് ഡാനിയല്‍
നെയ്യാറ്റിന്‍കര: ജെ.സി. ഡാനിയല്‍ സ്മാരകത്തില്‍ ഇന്നലെ രാവിലെ സ്മൃതിദീപ പ്രയാണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഏവരുടെയും ശ്രദ്ധ ഹാരിസ് ഡാനിയേലിലായിരുന്നു. ഉദ്ഘാടന വേദിയിലേക്കു കയറാനുള്ള ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നതിനാല്‍ അദ്ദേഹം വേദിക്കുസമീപത്തായി കസേരയിലിരുന്നു. സംഘാടകരുടെ ആവശ്യപ്രകാരം അദ്ദേഹം സംസാരിച്ചപ്പോള്‍ നെയ്യാറ്റിന്കരയേയും പരാമര്‍ശിച്ചു.
മാതാപിതാക്കള്‍ നന്നായി മലയാളം പറഞ്ഞിരുന്നുവെങ്കിലും തമിഴനായിട്ടാണ് താന്‍ വളര്‍ന്നത്. സുഹൃത്തുക്കളാണു മലയാളം സംസാരിക്കാന്‍ സഹായിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കാന്‍ സാധിച്ചു. എല്‍ഐസിയില്‍ ജോലിയും ലഭിച്ചു. നെയ്യാറ്റിന്‍കരയില്‍ പിതാവ് ദന്തഡോക്ടറായി സേവനം അനുഷ്ഠിക്കുന്പോള്‍ 1953 മുതല്‍ 1954 വരെ നെയ്യാറ്റിന്‍കരയിലാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മിച്ചു.