റോഡുനിര്‍മാണം തടസപ്പെടുത്തി : ഭൂവുടമയും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘർഷവും
1486792
Friday, December 13, 2024 6:44 AM IST
വെള്ളറട: റോഡുനിര്മാണത്തിനെത്തിയ ജെസിബിയുടെ ഡ്രൈവര്‍ക്കുനേരെ ഭൂവുടമ കരിങ്കല്‍ കഷ്ണവുമായെത്തി ഭീഷണി മുഴക്കി. നാട്ടുകാര്‍ സംഘടിതരായെത്തി പ്രതിഷേധിക്കുന്നതിനിടെയുണ്ടായ വാക്കേറ്റം സം ഘർഷത്തിൽ കലാശിച്ചു. പോലീസെത്തി ഇരുകൂട്ടരെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റോഡുപണി തുടരുന്നതില്‍ വിട്ടുവീഴ്ച്ചയില്ലെന്നു പ്രതിഷേധക്കാര്‍ ശാഠ്യം പിടിച്ചതോടെ നിര്‍മാണം പുനരാരംഭിച്ചു.
അമരവിള കാരക്കോണം റോഡിന്റെ പുനരുദ്ധാരണ പണികള്‍ നടക്കുന്നതിനിടെ കുന്നത്തുകാല്‍ ജംഗ്ഷനില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി തഹസില്‍ദാരും പിഡബ്ല്യൂഡി അധികൃതരും സ്ഥലത്തെത്തി മാര്‍ക്ക് ചെയ്തു നല്കിയ പുറമ്പോക്ക് ഭൂമിയില്‍ റോഡിന്റെ പുനരുദ്ധാരണ പണികള്‍ നടക്കുന്നതിനിടെയാണ് ഭൂവുടമയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റുമായ വ്യക്തി പണികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റോഡുനിര്‍മാണ കരാറുകാരന് പറയുന്നത്.
ഭൂവുടമയുടെ കടയുടെ മുന്നിലൂടെ പൈപ്പ്ലൈന് സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം ഹിറ്റാച്ചിയുമായെത്തിയ തമിഴ്നാട് വാട്ടര്‍ അഥോറിട്ടി ജീവനക്കാരെ തടസപ്പെടുത്തിയതോടെ അവര്‍ പണി നിർത്തി മടങ്ങിയിരുന്നു. പുറമ്പോക്കു സ്ഥലം എടുത്തുനല്കിയാലേ പൈപ്പിടാന്‍ കഴിയുവെന്നറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ പിഡബ്യൂഡി അധികൃതര്‍ പണിക്കായി എത്തിയത്.
സംഭവമറിഞ്ഞു സ്ഥലത്തെത്തിയ കുന്നത്തുകാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാറിനെ ഭൂവുടമ പിടിച്ചു തള്ളിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നു സ്ഥലത്ത് തടിച്ചുകൂടിയ ഇടതു, വലതു, ബിജെപി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ ഭൂവുടമ പിന്മാറുകയായിരുന്നു.
പിഡബ്ല്യൂഡി അധികൃതര്‍ അടയാളപ്പെടുത്തി നൽകിയത നുസരിച്ചുള്ള സ്ഥലം കൈവശപ്പെടുത്തി റോഡുപണി തുടരും എന്ന തീരുമാനത്തില്‍ പ്രതിഷേധക്കാര്‍ നിലയുറച്ചതോടെ ജെ സി ബി ഉപയോഗിച്ചുള്ള പണികള്‍ പുനരാരംഭിക്കുകയായിരുന്നു.
അമരവിള കാരകോണം റോഡിലെ ഏറ്റവും തിരക്കേറിയ ജംഗ് ഷനാണ് കുന്നത്തുകാല്‍.1972 ലെ സര്‍വേ പ്രകാരം അമരവിള മുതല്‍ കാരക്കോണം വരെ 18 മീറ്റര്‍ വീതിയില്‍ റോഡ് പുറമ്പോക്ക് ഉണ്ടെന്നാണ് കണക്ക്. ഈ കണക്കനുസരിച്ചാണ് അമരവിള കാരക്കോണം റോഡ് നിര്‍മാണത്തിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കാന്‍ ധാരണയായിരുന്നത്.
പുതിയറോഡ് അലൈൻ മെന്റ് ചെയ്യാന്‍ തുടക്കത്തില്‍ ജില്ലാ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ധനുവച്ചപുരം മുതല്‍ സ്ഥലമെടുപ്പുതുടങ്ങിയപ്പോള് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവിടെനിന്നും അമരവിളയിലേക്കും മണിവിളയിലേക്കുമുള്ള സ്ഥലമെടുപ്പ് കൃത്യമായി നടത്തിയിരുന്നു.
എന്നാല്‍ തമിഴ്നാടിനോടു ചേര്‍ന്നുള്ള കുന്നത്തുകാല്‍ ജംഗ്ഷന് സമീപം മുതല്‍ കാരക്കോണം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ റോഡിനായി മാര്‍ക്കുചെയ്ത പുറമ്പോക്കു ഭൂമിയുടെ അടയാളങ്ങള്‍ പലരും നീക്കം ചെയ്യുകയും ചില സ്വാധീനങ്ങള്‍ ഉപയോഗിച്ച് പുതിയ അടയാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതുകാരണം ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാന്‍ കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ 12 മീറ്ററായി റോഡിൻറെ വീതി നിജപ്പെടുത്തണമെന്ന സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.
പുതിയ തീരുമാനപ്രകാരം ഒന്‍പതുമീറ്റര്‍ വീതിയില്‍ ടാറിംഗും ഇരുവശങ്ങളിലുമായി മൂന്ന് മീറ്റര്‍ ഓടയും ഫുട്പാത്തും നിര്‍മിക്കാനും ജംഗ്ഷന് നവീകരണത്തിന്റെ ഭാഗമായി കുന്നത്തുകാല്‍ ജംഗ്ഷനില്‍ 15 മീറ്റര്‍ സ്ഥലം കണ്ടെത്തുമെന്നുമായിരുന്നു ധാരണ. എന്നാല്‍ സ്ഥലത്തെ ഭൂവുടമകളുടെ എതിര്‍പ്പുകാരണം 12 മീറ്റര്‍പോലും എടുക്കാനാകാത്ത അവസ്ഥയിലുമാണ്.
ജംഗ്ഷനില്‍ നിര്‍മിച്ചിട്ടുള്ള പല കെട്ടിടങ്ങളും പഞ്ചായത്തില്‍ നിന്നും നിശ്ചിത അകലം പാലിച്ച് നിയമാനുസരണം നിര്‍മാണം നടത്തി ബില്‍ഡിംഗ് നമ്പറും ലഭിച്ച ശേഷം താല്‍ക്കാലികമെന്ന വ്യവസ്ഥയില്‍ മുന്വശങ്ങളിലേക്ക് കടകള്‍ കെട്ടി പ്രവര്‍ത്തിപ്പിക്കുന്നതും ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കുകായണെന്നും നാട്ടുകാര്‍.
കുന്നത്തുകാല്‍ ജംഗ്ഷനിലെ റോഡുവികസനത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.