മലമുകള്‍-ഊന്നംപാറ റോഡ് തകർന്ന നിലയിൽ
1481191
Friday, November 22, 2024 7:24 AM IST
പേരൂര്‍ക്കട: മലമുകള്‍-ഊന്നംപാറ റോഡ് മൂന്നുവര്‍ഷമായി തകര്‍ന്നുകിടക്കുകയാണെന്ന് നാട്ടുകാർ. റോഡിന്റെ ഒരുവശം തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലും മറുവശം അരുവിക്കര പഞ്ചായത്തിലും ഉള്‍പ്പെടുന്നതാണ്.
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് റോഡ് ടാറിംഗ് നടക്കാതെ പോകുന്നതിന് കാരണമെന്നാണ് ആക്ഷേപം. അതേസമയം ഏറ്റവും ഒടുവില്‍ ടാര്‍ ചെയ്തത് തിരുവനന്തപുരം നഗരസഭയുടെ ഇടപെടലിലൂടെയെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ അശാസ്ത്രീയമായ ടാറിംഗ് മൂലം അധികം താമസിയാതെ റോഡ് തകരുകയായിരുന്നു.
കുത്തനെയുള്ള റോഡില്‍ ടാര്‍ ഇളകിപ്പോയിരിക്കുന്നതിനാല് വാഹനങ്ങൾക്ക് കയറ്റം കയറി പോവുക പ്രയാസമാണ്. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ വശങ്ങളിൽ ഓടകളില്ലാത്തതിനാലാണ് മഴസമയങ്ങളിൽ വെള്ളം കുത്തിയൊലിച്ചും ടാര്‍ ഇളകുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ഓരോ മഴക്കാലം കഴിയുമ്പോള്‍ റോഡ് ദയനീയമായ വിധത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കാച്ചാണി ഗവ. സ്കൂള്‍, സെന്റ് ഷാന്താള് സ്കൂള്‍ തുടങ്ങിയവ ഉള്‍പ്പെടെ സമീപത്തായുണ്ട്.
റോഡ് അടിയന്തരമായി ടാര്‍ ചെയ്യണമെന്നാണ് സമീപവാസികളുടേയും യാത്രക്കാരുടേയും ആവശ്യം.