ശുചിമുറി മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്
1481195
Friday, November 22, 2024 7:24 AM IST
വിഴിഞ്ഞം : രാത്രിയിൽ ശുചിമുറി മാലിന്യം നിക്ഷേപിക്കാൻ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഇതോടെ മാലിന്യം കൊണ്ടുവന്ന മിനി ടാങ്കർ ലോറി വിഴിഞ്ഞം പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഡ്രൈവർ പാറശാല ആറയൂർ സ്വദേശി രജനീകാന്തിനെ കണ്ടെത്തി പിടികൂടിയ വിഴിഞ്ഞം പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. വാഹനം കോടതി മുഖാന്തിരം വിട്ടു നൽകുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ കോവളം - കാരോട് ബൈപ്പാസിൽ കോട്ടുകാൽ പുന്നക്കുളത്താണ് മാലിന്യം നിക്ഷേപിക്കാൻ ശ്രമം നടന്നത്.
ബൈപ്പാസിലൂടെ ഗതാഗതം ആരംഭിച്ചതുമുതലാണ് മാലിന്യ പ്രശ്നത്തിൽ ജനങ്ങളുടെ വീർപ്പുമുട്ടൽ തുടങ്ങിയത്. ചാക്കുകളിൽ നിറച്ച അറവുശാല മാലിന്യങ്ങളും ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കളും ശുചിമുറി മാലിന്യങ്ങളും ബൈപ്പാസിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നതായി നാട്ടുകാർ പറയുന്നു. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ ദുർഗന്ധം കാരണം പറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
സർവീസ് റോഡുകൾ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രധാന പ്രവർത്തനം. ചെറുതും വലുതുമായ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ വിജനമായ സ്ഥലങ്ങളിൽ വ്യാപകമായി നിക്ഷേപിക്കുകയാണ് പതിവ്. ഇതോടെ തെരുവ് നായ ശല്യവും വർധിച്ചതായാണ് നാട്ടുകാരുടെ പരാതി.