ഓണ്‍ലൈന്‍ ആപ്പുവഴി തട്ടിപ്പ്; പ്രതികളിലൊരാൾ പിടിയില്‍
1481434
Saturday, November 23, 2024 6:57 AM IST
പേരൂര്‍ക്കട: ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ഒഎല്‍എക്സിലൂടെ പരസ്യം നല്കി നിരവധി പേരില്‍നിന്നു പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി ജോണ്‍ വര്‍ഗീസാ(45)ണ് പിടിയിലായത്.
കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവിധ സ്കൂളുകളിലേക്കു ടീച്ചര്‍മാരുടെ ഒഴിവുകളുണ്ടെന്ന തലക്കെട്ടിലാണ് ഇയാള്‍ പരസ്യം നല്കി ഒരുവര്‍ഷമായി 500 രൂപ മുതല്‍ 1000 രൂപവരെ പലരില്‍നിന്നായി തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പരസ്യംകണ്ടു വിളിക്കുന്നവരോട് ഇന്റര്വ്യുവിനുമുമ്പ് ഏജന്റ് ഫീസ് നല്‍കണമെന്ന് ആവശ്യപ്പെടും.
തുടര്‍ന്നു ഗൂഗിള്‍പേ വഴി പണം അടയ്ക്കാന്‍ പറയും. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു തിരുവനന്തപുരം സ്വദേശി ഗോഗുല്രാജിന്റെ ഭാര്യ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്. പണം സ്വീകരിക്കുന്നതിനു തന്റെ അക്കൗണ്ടോ ഗൂഗിള്‍പേയോ പ്രതി ഉപയോഗിച്ചിരുന്നില്ല. കേരളത്തിനുള്ളിലും പുറത്തുമുള്ള ഏകദേശം 350 കടകളിലെ ക്യൂആര്‍ കോഡ് ആണ് ഇതിനായി ഉപയോഗിക്കുക.
കടയുടെ മുന്നില്ച്ചെന്നശേഷം കടക്കാരറിയാതെ ക്യൂആര്‍ കോഡിന്റെ ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയാണ് പ്രതിയുടെ രീതി. തുടര്‍ന്നു കബളിപ്പിക്കപ്പെടുന്നവര്‍ ഇയാളുടെ നിര്‍ദേശപ്രകാരം ഈ കോഡ് സ്കാന്‍ ചെയ്ത് പണം അയയ്ക്കും.
തന്റെ കൈവശം പണം ഇല്ലെന്നും ഭാര്യ ക്യുആര്‍ കോഡിലേക്കു പണം അയച്ചിട്ടുണ്ടെന്നും ഗൂഗിള്‍പേ വഴിയോ നേരിട്ടോ പണം തരണമെന്നുമാണു കടയുടമകളോട് പ്രതി ആവശ്യപ്പെടുന്നത്. ഭാര്യയ്ക്കു കോഡിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തിരുന്നുവെന്നും ഇയാള്‍ ഉടമകളെ പറഞ്ഞു വിശ്വസിപ്പിക്കും.
തിരുവനന്തപുരത്ത് തകരപ്പറമ്പിലുള്ള ഒരു കടയില്‍ ഇത്തരത്തില്‍ പണം കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണു ഫോര്‍ട്ട് സിഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ചെറിയ തുകകളാണ് നഷ്ടപ്പെടുന്നതെന്നതിനാലാണ് പലരും പരാതിപ്പെടാതിരുന്നത്. 400-ഓളം പേരില്‍നിന്നു പ്രതി ഇതുവരെ പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ബിഎഡ് വിദ്യാഭ്യാസമുള്ളയാളാണ് പ്രതിയെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.