വർണങ്ങളിൽ ആത്മാവ് പടരുന്പോൾ....
1481438
Saturday, November 23, 2024 6:57 AM IST
തിരുവനന്തപുരം: സിന്ദൂര തിലകമണിഞ്ഞ മലനിരകളും പച്ചില മേടുകളും അനന്തമായ ആകാശവും, നീലതടാകത്തിൽ നീരാടുവാൻ ഇറങ്ങുന്ന പ്രകൃതിയുടെ നിതാന്ത സൗന്ദര്യം...
സൂര്യന്റെ രശ്മികൾ ആവുന്ന പെയിന്റിംഗ് ബ്രഷ് കൊണ്ട് പ്രപഞ്ചം ഒരുക്കിയിരിക്കുന്ന ഈ സൗന്ദര്യം വിനോദ് കുമാരദാസ് എന്ന ചിത്രകാരൻ പുനരാവിഷ്കരിക്കുന്പോൾ ഉണരുന്ന ചിത്രങ്ങളിലും ഇതേ ആത്മസൗന്ദര്യമുണ്ട്. ശാസ്തമംഗലം ജംഗ്ഷനു സമീപമുള്ള മോവ് ആർട്ട് ഗാലറിയിൽ നടന്നുവരുന്ന വിനോദ്കുമാരദാസിന്റെ സോൾ ഓണ്‍ കളഴ്സ് എന്ന പെയിന്റിംഗ് പ്രദർശനം തികച്ചും പുതിയൊരു ഭാവുകത്വം പകരുന്നു.
പ്രകൃതി ദൃശ്യങ്ങളും നിശ്ചലജീവിത ചിത്രങ്ങളും പോർട്രെയിറ്റുകളും മ്യൂറൽ പെയിന്റിംഗും ഉൾപ്പെടെ നാല്പത്തി അഞ്ചോളം പെയിന്റിംഗുകളാണ് പ്രദർശനത്തിനുള്ളത്. അക്രിലിക്, ജലച്ചായം, എണ്ണച്ചായം, പേസ്റ്റൽ എന്നീ മാധ്യമങ്ങളിലാണ് പെയിന്റിംഗുകൾ. വർണങ്ങൾ എന്നപോലെ പകൽവെളിച്ചവും ചിത്രകാരന്റെ കാൻവാസുകളെ സന്പന്നമാക്കുകയാണ്.
സൂര്യപ്രകാശം അരിച്ചെത്തുന്ന മനോഹരമായ വനമേഖലയെയും വഴിയോരങ്ങളേയും ഗ്രാമങ്ങളേയും നിറങ്ങൾ കൊണ്ട് ചിത്രകാരൻ സാക്ഷാത്കരിക്കുന്പോൾ വെളിച്ചവും വർണവും സമ്മേളിക്കുന്നതിന്റെ ഒരപൂർവ ചാരുത കാണാം. വിനോദ് കുമാരദാസ് ഗ്രാമത്തെ വരയ്ക്കുന്പോൾ ഒഴുകുന്ന ആറും, ആറ്റിൻകരയിലെ കൊച്ചുവീടും മാത്രമല്ല ആറിൽ പ്രതിഫലിക്കുന്ന വീടും, മരങ്ങളും വരെ കാൻവാസിൽ ആഴങ്ങൾ തീർക്കുന്നു.
മെക്കാനിക്കൽ എൻജിനിയറായ വിനോദ് കുമാരദാസ് മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയിലെ പല കോർപറേറ്റ് സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഉദ്യോഗത്തിനിടയിൽ മൂംബൈയിലും മാംഗ്ലൂരിലും കോയന്പത്തൂരിലും മറ്റും കണ്ട കാഴ്ചകളും കാൻവാസുകളിൽ പതിപ്പിച്ചിട്ടുണ്ട്.
കർണാടകയിലെ ഉൾഗ്രാമത്തിൽ നിന്നും ഒപ്പിയെടുത്ത കൊണ്കൊണ് ഗ്രാമച്ചിത്രം അങ്ങനെ ലഭിച്ചതാണ്. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ചിത്രകാരൻ അസ്തമയ സമയത്ത് സ്വർണവർണമാർന്നു നില്ക്കുന്ന ഭൂമിയെ കണ്ടപ്പോൾ ഉണർന്ന പെയിന്റിംഗാണ് ഗോൾഡൻ സണ്‍സെറ്റ്.
മഴയെത്തും മുന്‍പുള്ള വനസൗന്ദര്യവും മഴ ചലിപ്പിക്കുന്ന പ്രകൃതിയും വേറിട്ട കാഴ്ചകളാണ്. വീട്ടുപകരണങ്ങളായ കെറ്റിലും പാത്രങ്ങളും ഉൾപ്പെടെയുള്ളവ നിറയുന്ന സ്റ്റീൽ ലൈഫ് പെയിന്റിംഗിലും വെളിച്ചത്തിന്റെ സന്നിവേശം മിന്നുന്നു. പ്രശസ്ത ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം നിർവഹിച്ച പെയിന്റിംഗ് പ്രദർശനം 26 വരെ തുടരും. ദിവസവും രാവിലെ പത്തു മുതൽ രാത്രി എട്ടുവരെയാണ് സമയം.