കുപ്രസിദ്ധ മോഷ്ടാവ് ആർപിഎഫിന്റെ പിടിയിൽ
1481437
Saturday, November 23, 2024 6:57 AM IST
തിരുവനന്തപുരം: ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ആർപിഎഫിന്റെ പിടിയിലായി. കഴിഞ്ഞ ചില ദിവസങ്ങളായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും, ഇവിടേക്കുവന്നു പോകുന്ന ട്രെയിനുകളിലും മോഷണം നടത്തിയിരുന്ന തിരുവനന്തപുരം ജില്ലയിലെ തിരുപ്പുറം കാണംപഴഞ്ഞി സ്വദേശിയായ പ്രദീപിനെ (44) യാണ് ആർപി എഫിന്റെ ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, ക്രൈം പ്രിവൻഷൻ സ്ക്വാഡും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ പിടികൂടിയത്.
യാത്രക്കാരിൽനിന്നു മോഷ്ടിച്ചെടുത്ത സാധനങ്ങൾ മറിച്ചു വിൽക്കുവാനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ കവാടത്തിൽ നിൽക്കു ന്നതിനിടെയാണ് ഇയാളെ ആർ പിഎഫ് പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥർ പിൻതുടർന്നു പിടികൂടി.
ബാഗിൽനിന്നും ഏകദേശം ആറുലക്ഷത്തിൽപരം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ, ഐപാഡുകൾ, കാമറകൾ, വാച്ചുകൾ മുതലായവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മോഷണ മുതലുകൾ റെയിൽവേയിലെ ഏതെല്ലാം കേസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു വിശദമായി അന്വേഷിച്ചുവരുന്നു.
റെയിൽവേയിൽ നടക്കുന്ന മോഷണങ്ങൾ തടയുന്നതിനായി ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെയും ക്രൈം പ്രിവൻഷൻ സ്കോഡിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ പരിശോധന നടത്തിവരവേയാണ് മോഷ്ടാവി നെ പിടികൂടാനായത്.
മോഷണ മുതലുകൾ വിറ്റുകിട്ടുന്ന പണംകൊണ്ട് ആർഭാട ജീവിതം നയിക്കുകയും വീണ്ടും മോഷണത്തിനായി റെയിൽവേ സ്റ്റേഷനിൽ എത്തുകയുമാണ് പ്രതിയുടെ പതിവെന്നു തിരുവനന്തപുരം ആർപിഎഫ് ഇൻസ് പെക്ടർ അജിത്കുമാർ, കൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ. ജെ. ജിപിൻ എന്നിവർ പറഞ്ഞു.വിശദമായ മെഡിക്കൽ പരിശോധനയ്ക്കുശേഷം തുടർ നടപടികൾക്കായി തിരുവനന്തപുരം ഗവ. റെയിൽവേ പോലീസിനു പ്രതിയെ കൈമാറി.
ആർപിഎഫ് ഐജി ജി.എം. ഈശ്വരറാവുവിന്റെ പ്രത്യേക നിർദേശത്താൽ തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ തൻവി പ്രഫുൽഗുപ്തേ, അസിസ്റ്റന്റ് കമ്മീഷണർമാരായ ജെഎസ്എൻ രാജു ചെന്നൈ, ഷംനാദ് തിരുവനന്തപുരം എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർമാരായ ജെ. അജിത്കുമാർ,
എ.ജെ. ജിപിൻ, സബ് ഇൻസ്പെക്ടർമാരായ പ്രൈസ് മാത്യു, വർഷ, എഎസ്ഐ ജോജി ജോസഫ്, സന്തോഷ്, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്, വിപിൻ അരുൺ ബാബു, എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്.