ജ്വാല -വനിത ജംഗ്ഷൻ 23ന്
1481189
Friday, November 22, 2024 7:24 AM IST
നെടുമങ്ങാട് :ജില്ല ആസൂത്രണസമിതിയും വനിത ശിശു വികസന വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്വാല-വനിത ജംഗ്ഷൻ പരിപാടി 23ന് ഉച്ചക്ക് രണ്ടുമുതൽ രാത്രി 12 വരെ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ നഗരസഭയിലെ പഴകുറ്റി, കച്ചേരി ജംഗ്ഷൻ, ചന്തമുക്ക്, ബാങ്ക് ജംഗ്ഷൻ, നഗരസഭ ഓഫീസ് എന്നിവിടങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥിനികളുടെ ഫ്ലാഷ്മോബ് സംഘടിപ്പിക്കും. 23ന് ഉച്ചക്ക് രണ്ട് മുതൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ വനിത ജംഗ്ഷൻ വനിതകളുടെ കലാ -സാംസ്കാരിക സംഗമം നടക്കും. വനിത ശിശുവികസന ഡയറക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ അനുകുമാരി മുഖ്യാഥിതിയാകും. നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷത വഹിക്കും.
തുടർന്ന് വനിതകളുടെ കലാപരിപാടികൾ. വനിതാ കൗൺസിലർമാർ, സ്കൂൾ, കോളജ് വിദ്യാർഥിനികൾ, ഹരിതകർമ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ സംഘടനകളുടെ വനിതാ പോഷക സംഘടനകൾ, അയൽക്കൂട്ടം പ്രവർത്തകർ, ഐഎസ്ആർഒയിലെയും മറ്റ് സ്ഥാപനങ്ങളിലെയും വനിത ജീവനക്കാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും.