റവന്യൂ ജില്ലാ കലോത്സവം : ആദ്യദിനത്തിൽ രചനാ മത്സരങ്ങള്‍; സ്റ്റേജ് ഇനങ്ങള്‍ വൈകുന്നേരം
1481433
Saturday, November 23, 2024 6:57 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ 25ന് രാവിലെ രചനാ മത്സരങ്ങളും വൈകുന്നേരം സ്റ്റേജിനങ്ങളും ആരംഭിക്കും. പ്രധാനവേദിയായ നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 25 നു രാവിലെ പത്തിനു ചിത്രരചന, കാര്‍ട്ടൂണ്‍, കൊളാഷ് മുതലായവയും സംസ്കൃതം, അറബിക് മത്സരങ്ങളുമാണ് ആദ്യം നടക്കുന്നത്. 30 മുറികള്‍ ഈ മത്സരങ്ങള്‍ക്കായി ക്രമീകരിക്കും. ബാന്‍ഡ് മേള മത്സരം 11ന് നഗരസഭ സ്റ്റേഡിയത്തില്‍ നടക്കും.
ഗവ. ബോയ്സ് എച്ച്എസ് എസിലെ ഒന്നാമത്തെ വേദിയില്‍ വൈകുന്നേരം നാലിന് യുപി വിഭാഗം തിരുവാതിരയും രണ്ടാമത്തെ വേദിയില്‍ എച്ച് എസ് വിഭാഗം വഞ്ചിപ്പാട്ടുമാണ് ആദ്യത്തെ സ്റ്റേജിനങ്ങള്‍. ഗവ. ഗേള്‍സ് എച്ച്എസ് എസിലെ രണ്ടു വേദികളിലായി കഥകളിയും ചാക്യാര്‍ക്കൂത്തും നങ്ങ്യാര്‍ക്കൂത്തും ഗവ. ജെബിഎസില്‍ ചെണ്ടമേളം, തായന്പക, പഞ്ചവാദ്യം എന്നിവയും നടക്കും.
സംസ്കൃതോത്സവത്തിലെ അക്ഷരശ്ലോകം, അഷ്ടപദി എന്നിവയ്ക്ക് സെന്റ് ഫിലിപ്പ് സ്കൂളും സംസ്കൃത പ്രസംഗം, കൂടിയാട്ടം എന്നിവയ്ക്ക് സ്വദേശാഭിമാനി ടൗണ്‍ഹാളും വേദിയാകും. അറബിക് കലോത്സവത്തിലെ കഥ പറയല്‍, അറബി ഗാനം, സംഭാഷണം എന്നിവ സ് കൗട്ട് ഹാളിലും ഉറുദു ഗസല്‍ ആലാപന മത്സരം ഗവ. ടൗണ്‍ എല്‍പി സ്കൂളിലും പദ്യം ചൊല്ലല്‍, പ്രസംഗം എന്നിവ സെന്റ് തെരേസാസ് സ്കൂളിലും നടക്കും.
എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഹാളില്‍ അക്ഷരശ്ലോകവും കാവ്യകേളിയും അരങ്ങേറുന്പോള്‍ വിദ്യാധിരാജ സ്കൂളില്‍ ചെണ്ട, തായന്പക, പഞ്ചവാദ്യം എന്നീയിനങ്ങളിലും നഗരസഭ അനക്സ് ഹാളില്‍ ഹിന്ദി പ്രസംഗം, പദ്യം ചൊല്ലല്‍ എന്നീയിനങ്ങളിലും മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.