പാറശാല മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പുതുതായി 11 വാര്‍ഡുകള്‍
1481192
Friday, November 22, 2024 7:24 AM IST
പാറശാല: തദ്ദേശ വാര്‍ഡ് പുനര്‍ നിര്‍ണയവും പുതിയ വാര്‍ഡുകളുടെ രൂപീകരണം സംബന്ധിച്ച കരട് പുറത്തിറങ്ങിയതോടെ പാറശാല നിയോജക മണ്ഡലത്തില്‍ പുതിയ 11 വാര്‍ഡുകള്‍ കൂടി നിലവില്‍ വരും. ഭൂരിഭാഗം വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍നിര്‍ണയവും നടക്കുന്നതിനാല്‍ ആശങ്കയിലാണ് പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും.
രാഷ്ടീയ ചായ്വിനൊപ്പം സാമുദായിക സമവാക്യങ്ങളും വിജയം നിശ്ചയിക്കുന്ന. വാര്‍ഡുകളുടെ പൊതു സ്വഭാവം നിര്‍ണയിക്കാനുള്ള ശ്രമവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയായവരും ആകാനിരിക്കുന്നവരും വാര്‍ഡ് വിഭജനകാര്യത്തില്‍ ഭിന്നാഭിപ്രായക്കാരാണ്. പുതിയ സാഹചര്യത്തില്‍ ഏതു വാര്‍ഡ് അനുകൂലമാകുമെന്ന ആശങ്കയില്‍ ആണ് ഭൂരിഭാഗവും.
സംവരണ , ജനറല്‍ വാര്‍ഡുകള്‍ ഏതൊക്കെയാകുമെന്നതിലും കാത്തിരിക്കേണ്ടിവരും. മണ്ഡലത്തിലെ പുതുക്കിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയവും പുതിയ വാര്‍ഡ് രൂപീകരണവും രാഷ്ട്രീയ ഭിന്നതകള്‍ക്കും കാരണമാകുന്നുണ്ട്. കുന്നത്തുകാലും കൊല്ലയിലും രണ്ട് വാര്‍ഡുകളും മറ്റു പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുമാണ് വര്‍ധിക്കുക.
കുന്നത്തുകാല്‍ പഞ്ചായത്തില്‍ ആകെയുള്ള 21 വാര്‍ഡ് ഇനി 23 ആകും. ഉണ്ടന്‍കോട്, വള്ളിച്ചിറ വാര്‍ഡുകളാണ് പുതിയതായി നിലവില്‍ വരുന്നത്. കോരണംകോട്, അരുവിയോട്, പാലിയോട് വാര്‍ഡുകള്‍ വിഭജിച്ച് വള്ളിച്ചിറയും ചെറിയകൊല്ല , നിലമാമൂട്, എള്ളുവിള വാര്‍ഡുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടന്‍കോട് വാര്‍ഡും നിലവില്‍ വരും.
കോട്ടയ്ക്കല്‍ വാര്‍ഡ് മാറ്റമില്ലാതെ തുടരും. മറ്റു വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കപ്പെടും. ആര്യങ്കോട് പഞ്ചായത്തില്‍ ഒരു വാര്‍ഡ് വര്‍ധിച്ച് 17 വാര്‍ഡുകള്‍ ഉണ്ടാകും. മൈലച്ചല്, വെള്ളാങ്ങല്‍, മുക്കോലയ്ക്കല്‍ , ഇടവാല്‍ വാര്‍ഡുകളുടെ പരിധിയില്‍ മുക്കുതലയ്ക്കല്‍ വാര്‍ഡ് രൂപീകരിയ്ക്കുന്നതിനൊപ്പം കീഴാറൂര്‍, ആര്യങ്കോട്, വെള്ളാങ്ങല്‍, ഇടവാല്‍, മുക്കോലവിള, മൈലച്ചല് വാര്‍ഡുകള്‍ പുനസംഘടനയില്പ്പെടും.
ഒറ്റശേഖരമംഗലത്ത് ചിത്തന്‍കാല വാര്‍ഡ് നിലവില്‍ വരുന്നതോടെ ആകെവാര്ഡ് 15 ആകും. കുരവറ, വട്ടപ്പറമ്പ് ,ഒറ്റശേഖരമംഗലം വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചിത്തന് കാലയില്‍ ഉള്‍പ്പെടും.
പൂഴനാട് ,ആലച്ചല്‍ക്കോണം ഒഴികെ 12 വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കപ്പെടും. വെള്ളറട പഞ്ചായത്തില്‍ പഞ്ചാകുഴി, മുണ്ടനാട്, പൊന്നമ്പി, മാനൂര്‍ വാര്‍ഡുകളില്‍ നിന്നായി മുള്ളിലവ്വിള വാര്‍ഡ് നിലവില്‍ വരുന്നതോടെ ആകെ 25 വാര്‍ഡ് നിലവിലുണ്ടാകും.
അമ്പൂരി പഞ്ചായത്തില്‍ ആനക്കുഴി വാര്‍ഡ് തൊടുമല ,അമ്പൂരി, കൂട്ടപ്പൂ വാര്‍ഡുകളുടെ ഭാഗങ്ങള്‍ ചേര്‍ത്ത് നിലവില്‍ വരുന്നതോടെ ആകെ 15 വാര്‍ഡ് ഉണ്ടാകും.
കള്ളിക്കാട് പഞ്ചായത്തില്‍ ആകെവാര്ഡ് 14 ആയി മാറും. പാറശാല പഞ്ചായത്തില്‍ ഒരു വാര്‍ഡ് വര്‍ധിക്കും. ജനസംഖ്യ വര്‍ധനവുള്ള പഞ്ചായത്ത് വിഭജിച്ച് പശുവയ്ക്കല്‍ പഞ്ചായത്ത് രൂപീകരിയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഒരു വാര്‍ഡു കൂടി നിലവില്‍ വരുന്നത്. പെരുങ്കടവിളയില്‍ തത്തിയൂര്, ചുള്ളിയുര് ,ആലത്തൂര്‍, പുളിമാങ്കോട്, മാരായമുട്ടം വാര്‍ഡുകളില്‍ നിന്നായി മണലുവിള വാര്‍ഡ് രൂപീകരിയ്ക്കും.