നന്മ പ്രവര്‍ത്തിക്കാൻ ക്രൈസ്ത വിശ്വാസികള്‍ക്കു സാധിക്കണം: മാർ ക്ലീമിസ് കാതോലിക്കാ ബാവ
1481432
Saturday, November 23, 2024 6:57 AM IST
തിരുവനന്തപുരം: നന്മ ചെയ്യേണ്ട സമയത്ത് നന്മ ചെയ്യുന്നതിനും നന്മ പ്രവര്‍ത്തിക്കേണ്ട സമയത്ത് നന്മ പ്രവര്‍ത്തിക്കുന്നതിനും ക്രൈസ്തവ വിശ്വാസികള്‍ക്കു സാധിക്കണമെന്നു മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. 32-ാമത് മലങ്കര കാത്തലിക് കണ്വന്ഷന് പട്ടം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ ബോധ്യപ്പെടുന്ന ദിനങ്ങളാണ് മലങ്കര കാത്തലിക് കണ്വന്ഷന് നടക്കുന്ന ഈ മൂന്നുദിനങ്ങളെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം യേശുക്രിസ്തുവിലുണ്ട്.
യേശുക്രിസ്തുവിന്റെ സ്നേഹമാണ് എല്ലാറ്റിനും പരിഹാരം. നമ്മുടെ ജീവിതത്തിന് ക്രൈസ്തവ സമര്‍പ്പണത്തിന്റെ പിന്‍ബലം വേണം. എന്തിനും പരിഹാരമുണ്ടായിരുന്നവരുടെ പിന്മുറക്കാരാണു നാം. നമ്മുടെ ജീവിതംമൂലം ദൈവീക പദ്ധതികള്‍ക്കു തടസമുണ്ടാകരുത്. സകല പ്രശ്നങ്ങള്‍ക്കും ദൈവത്തിന്റെ പക്കല്‍ പരിഹാരമുണ്ടെന്നു നാം മനസിലാക്കണം.
ദൈവഭയവും പ്രാര്‍ഥനയും നമ്മെ വിട്ടു പോകാന്‍ അനുവദിക്കരുത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങളാണ് ദൈവ വചനങ്ങള്‍. ദൈവ വചനത്തിന്റെ പൂര്‍ണമായ വ്യാപനം ഹൃദയത്തില്‍ സമര്‍പ്പിക്കുന്ന ഒരു വര്‍ഷത്തിലാണ് നാം ഈ കണ്വന്ഷന് സംഘടിപ്പിക്കുന്നതെന്നത് ഓരോ വിശ്വാസികള്‍ക്കും അനുഗ്രഹമാകണമെന്നും അദ്ദേഹം പറഞ്ഞു.
വൈദീക ജില്ലാ വികാരി ഫാ. ജോര്‍ജ് തോമസ് സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ തിരുവനന്തപുരം വൈദീക ജില്ലയാണ് മലങ്കര കാത്തലിക് കണ്വന്ഷന് സംഘടിപ്പിക്കുന്നത്. കറുകുറ്റി കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ബോസ്കോ ഞാലിയത്താണ് കണ്വന്ഷന് നയിക്കുന്നത്.
സമാപന ദിവസമായ നാളെ വൈകുന്നേരം കൂരിയ ബിഷപ്പ് ആന്റണി മാര്‍ സില്‍വാനോസ് സമാപന സന്ദേശം നല്‍കും. ഇന്നും നാളെയും വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെയാണ് കണ്വന്ഷന് നടക്കുന്നത്.