അമേരിക്കയുടെ നികുതിയുദ്ധം; ചെറിയ വേദനയുണ്ടാകുമെന്ന് ട്രംപ്
Tuesday, February 4, 2025 2:27 AM IST
വാഷിംഗ്ടൺ: അയൽരാജ്യങ്ങളുമായുള്ള നികുതിയുദ്ധത്തിൽ അമേരിക്കയ്ക്ക് ചുരുങ്ങിയ കാലത്തേക്ക് പ്രായസമുണ്ടാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ദീർഘകാലത്തേക്ക് അമേരിക്കയ്ക്ക് ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഹ്രസ്വകാലത്തേക്ക് ചെറിയ വേദനയുണ്ടാകും. ജനങ്ങൾ ഇതുമനസിലാക്കിയിട്ടുണ്ട്.
ദീർഘകാലത്തേക്ക് അമേരിക്കയ്ക്ക് ലോകത്തെ എല്ലാ രാജ്യങ്ങളേയും മറികടക്കാൻ കഴിയും- ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനുമേലും ചുങ്കം ചുമത്തുമെന്നും ട്രംപ് അറിയിച്ചു.
അത് തീർച്ചയായും സംഭവിക്കും. അവർ നമ്മുടെ കാറുകൾ വാങ്ങുന്നില്ല. കാർഷികോത്പന്നങ്ങളും വാങ്ങുന്നില്ല. അവർ ഒന്നും തന്നെ ഇവിടെനിന്നും എടുക്കുന്നില്ല. എന്നാൽ നമ്മൾ അവരിൽനിന്ന് എല്ലാം വാങ്ങുന്നു- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മെക്സിക്കോയും കാനഡയും അമേരിക്കയ്ക്കെതിരേയും ചുങ്കം ചുമത്തിയിട്ടുണ്ട്. ഈ അയൽരാജ്യങ്ങളുടെ നേതാക്കളുമായി സംസാരിക്കുമെന്ന് പറഞ്ഞ ട്രംപ് എന്നാൽ തന്റെ മനസ് മാറില്ലെന്നും കൂട്ടിച്ചേർത്തു.
ട്രംപ് ചുങ്കം ചുമത്തുമെന്ന ആശങ്കയിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസിൽ യോഗം ചേർന്നു. നികുതി ചുമത്തുക എന്നത് എപ്പോഴും മോശം കാര്യമാണെന്ന് ലക്സംബർഗ് പ്രധാനമന്ത്രി ലൂക്ക് ഫ്രീഡൻ പറഞ്ഞു. ചുങ്കം ഏർപ്പെടുത്തുന്നത് വ്യാപാരത്തിന് ദോഷകരമാണ്.
ഇത് അമേരിക്കയ്ക്കും ദോഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരയുദ്ധത്തിൽ വിജയികളായി ആരുമുണ്ടാകില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജാ കല്ലാസ് പറഞ്ഞു. യൂറോപ്പും അമേരിക്കയും ഏറ്റുമുട്ടിയാൽ അപ്പുറത്ത് ചിരിക്കുന്നത് ചൈനയായിരിക്കുമെന്നും അവർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടനോട് ട്രംപ് മൃദുസമീപനം സ്വീകരിച്ചേക്കുമെന്നാണു സൂചന.
ട്രംപിന്റെ നികുതിയുദ്ധം അമേരിക്കയിൽ വിലവർധനയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പറയുന്നു. ട്രംപിന്റെ നികുതിയുദ്ധം വിപണിയിലും പ്രതിഫലിച്ചു.
ടോക്കിയോ ഓഹരിവിപണി മൂന്ന് ശതമാനം ഇടിഞ്ഞു. ഡോളറിനെതിരേ ചൈനീസ് യുവാൻ, കനേഡിയൻ ഡോളർ, മെക്സിക്കൻ പെസോ എന്നിവയുടെ മൂല്യം ഇടിഞ്ഞു. യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പ്രധാന സ്രോതസുകൾ കാനഡയും മെക്സിക്കോയും ആയതിനാൽ, യുഎസിലെ എണ്ണവില ഒരു ഡോളറിലധികം ഉയർന്നു.