തായ്വാൻ നടി ബാർബി സു പനി ബാധിച്ച് മരിച്ചു
Tuesday, February 4, 2025 2:27 AM IST
തായ്പെയ്: ചൈനീസ് ഭാഷ സംസാരിക്കുന്നവർക്കിടയിൽ ഏറെ ആരാധകരുള്ള തായ്വാൻ നടി ബാർബി സു(48) അന്തരിച്ചു. പനി ബാധിച്ചാണു മരണമെന്ന് തായ്വാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കുടുംബത്തോടൊപ്പം ജപ്പാനിൽ അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോഴായിരുന്ന പനി ബാധിച്ചതെന്നും ഇതു പിന്നീട് ന്യുമോണിയയായി മാറിയെന്നും സഹോദരി ദീ സു പറഞ്ഞു. ഗായികയും ടെലിവിഷൻ അവതാരികയുമായിരുന്നു.
17-ാം വയസിലാണ് ബാർബി സു ഇളയ സഹോദരി ദീ സു വിനൊപ്പം അഭിനയലോകത്തെത്തിയത്. “മെറ്റിയർ ഗാർഡൻ’’ എന്ന ടെലിവിഷൻ പരമ്പരയിലെ പ്രധാന വേഷത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
“ബിഗ് എസ്’’ എന്നാണു ചലച്ചിത്രലോകത്ത് അറിയപ്പെട്ടിരുന്നത്. ചൈനീസ് വ്യവസായി വാംഗ് സിയോഫെയിയുമായുള്ള 11 വർഷത്തെ വിവാഹം വേർപിരിഞ്ഞതിനു പിന്നാലെ 2022ൽ അഭിനയത്തോടു വിടപറഞ്ഞു. ഈ ബന്ധത്തിൽ രണ്ടു മക്കളുണ്ട്.
വേർപിരിഞ്ഞശേഷം കൊറിയൻ റാപ്പർ കൂ ജുൻ യുപിനെ വിവാഹം ചെയ്തിരുന്നു. ബാർബി സുവിന്റെ അപ്രതീക്ഷിത വേർപാട് ചൈനയിലെയും തായ്വാനിലെയും ഹോങ്കോംഗിലെയും ചലച്ചിത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.