സിറിയയിൽ കാർ ബോംബ് സ്ഫോടനം; 15 കർഷക തൊഴിലാളികൾ കൊല്ലപ്പെട്ടു
Tuesday, February 4, 2025 2:27 AM IST
ഡമാസ്കസ്: വടക്കൻ സിറിയയിലെ മാൻബിജ് നഗരത്തിനു സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. കർഷകതൊഴിലാളികളായ 14 സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്.
15 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തൊഴിലാളികളുമായി കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന കാറാണു പൊട്ടിത്തെറിച്ചത്. ഡിസംബറില്‍ അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ കാർ ബോംബ് ആക്രമണമാണിത്. ശനിയാഴ്ച മാൻബിജിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാലുപേർ കൊല്ലപ്പെടുകയും കുട്ടികളടക്കം ഒമ്പതു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വടക്കന്‍ സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ മാൻബിജില്നിന്ന് 30 കിലോമീറ്റർ അകലെയാണ് തുർക്കി അതിർത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അസാദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം മാൻബിജ് നഗരത്തിലും സമീപപ്രദേശങ്ങളിലും തുർക്കിയുടെ പിന്തുണയുള്ള സിറിയൻ നാഷണൽ ആർമി വിഭാഗങ്ങളും അമേരിക്കയുടെ പിന്തുണയുള്ളതും കുർദ് നിയന്ത്രണത്തിലുള്ളതുമായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും തമ്മിൽ പോരാട്ടം ശക്തമാണ്.