രണ്ട് ഉത്തരകൊറിയൻ ഭടന്മാരെ യുക്രെയ്ൻസേന പിടികൂടി
Monday, January 13, 2025 12:58 AM IST
കീവ്: റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ രണ്ട് ഉത്തരകൊറിയൻ ഭടന്മാരെ പിടികൂടിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
റഷ്യയിലെ കുർസ്ക് പ്രദേശത്തുനിന്നു പിടികൂടിയ ഇവരെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിച്ചു. യുദ്ധത്തടവുകാർക്കുള്ള ആനുകൂല്യങ്ങൾ ഇവർക്കു ലഭിക്കുമെന്നും ഇവരോട് സംസാരിക്കാൻ മാധ്യമപ്രവർത്തകർക്ക് അവസരം നല്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉത്തരകൊറിയൻ ഭടന്മാരെ ചോദ്യം ചെയ്തതായി യുക്രെയ്ൻ സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. രണ്ടു പേരുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു. രണ്ടു പേർക്കും പരിക്കുണ്ട്. ഡോക്ടർ ഇവരോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
ഒക്ടോബറിലാണ് ഉത്തരകൊറിയൻ സൈനികർ റഷ്യക്കായി യുദ്ധത്തിനിറങ്ങിയത്. റഷ്യയിലെ കുർസ്ക് പ്രദേശത്ത് അധിനിവേശം തുടരുന്ന യുക്രെയ്ൻസേനയെ നേരിടാനായി പതിനായിരത്തിലധികം ഉത്തരകൊറിയൻ ഭടന്മാരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നും ആയിരത്തിലധികം പേർക്കു പരിക്കേറ്റെന്നും മുന്പ് റിപ്പോർട്ടുകളുണ്ടായിരുന്നു.