മുവാൻ വിമാനദുരന്തം: ബ്ലാക് ബോക്സിൽ ഡേറ്റയില്ല
Sunday, January 12, 2025 12:39 AM IST
സീയൂൾ: 179 പേർ മരിച്ച മുവാൻ വിമാനദുരന്തത്തിൽ, അപകടമുണ്ടാകുന്നതിന് നാലു മിനിട്ട് മുന്പ് വിമാനത്തിലെ ബ്ലാക് ബോക്സുകൾ പ്രവർത്തനരഹിതമായെന്ന് ദക്ഷിണകൊറിയ.
ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ, കോക്പിറ്റ് വോയ്സ് റിക്കാർഡർ എന്നീ രണ്ടു ബ്ലാക് ബോക്സുകളിലും ഡേറ്റ രേഖപ്പെടുത്തുന്നത് നിലച്ചിരുന്നു.
ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ദക്ഷിണകൊറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു. കൊറിയയിൽ ഡേറ്റകൾ കണ്ടെത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് അമേരിക്കയിലേക്ക് അയച്ചും പരിശോധന നടത്തിയിരുന്നു.
വിമാനത്തിലെ വൈദ്യുതി സംവിധാനങ്ങൾ പൂർണമായി നിലച്ചാലേ ഇങ്ങനെ സംഭവിക്കൂ എന്നും ഇത് അപൂർവമാണെന്നും ഇത്തരം അപകടങ്ങൾ അന്വേഷിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഡിസംബർ 29ന് ബാങ്കോക്കിൽനിന്ന് ദക്ഷിണകൊറിയയിലെ മുവാൻ നഗരത്തിലേക്കു വന്ന ജെജു എയർലൈൻസിന്റെ ബോയിംഗ് വിമാനമാണു തകർന്നത്.
ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതെ റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം മതിലിൽ ഇടിച്ചു തീപിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരിൽ രണ്ടു പേർ മാത്രമാണു രക്ഷപ്പെട്ടത്.
അപകടത്തിനു നാലു മിനിട്ട് മുന്പ് വിമാനത്തിൽ പക്ഷി ഇടിച്ചതായി പൈലറ്റ് വിമാനത്താവളം അധികൃതരെ അറിയിച്ചിരുന്നു.