ജോർദാൻ നദീതീരത്ത് ഈശോയുടെ ജ്ഞാനസ്നാന പള്ളി കൂദാശ ചെയ്തു
Sunday, January 12, 2025 12:39 AM IST
അമ്മാൻ: ജോർദാൻ നദീതീരത്തു പണികഴിപ്പിച്ച ഈശോയുടെ ജ്ഞാനസ്നാന പള്ളി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വെള്ളിയാഴ്ച കൂദാശ ചെയ്തു.
ജറൂസലെമിലെ ലത്തീൻ പാത്രിയാർക്കീസ് പിയർബാത്തിസ്ത പിസബെല്ല, വിദേശ പ്രതിനിധികൾ, പലസ്തീൻ-ജോർദാൻ- അറബ് ക്രൈസ്തവവിശ്വാസികൾ മുതലായവർ പങ്കെടുത്തു.
സ്നാപക യോഹന്നാനിൽനിന്ന് യേശു ജ്ഞാനസ്നാനം സ്വീകരിച്ച സ്ഥലത്താണ് ‘ബാപ്റ്റിസം ഓഫ് ദ ലോർഡ്’ പള്ളി നിർമിച്ചിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ ‘ജോർദാന് അക്കരെ ബഥനിയാ’ എന്നു പറയുന്ന സ്ഥലം അൽ മഗ്താസ് എന്നാണറിയപ്പെടുന്നത്. 2009 മേയ് 10ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് പള്ളിക്കു തറക്കല്ലിട്ടത്.
കൂദാശാദിനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റേത് അടക്കമുള്ള തിരുശേഷിപ്പുകൾ അൾത്താരയിൽ പ്രതിഷ്ഠിച്ചു.
പള്ളി പണിയാൻ സ്ഥലം നല്കിയ ജോർദാനിലെ അബ്ദുള്ള രാജാവിന് കർദിനാൾ പരോളിൻ നന്ദി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായാണ് താൻ തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതെന്നും പശ്ചിമേഷ്യാ ക്രൈസ്തവരോട് ആകമാന കത്തോലിക്കാ സഭയ്ക്കുള്ള അടുപ്പമാണ് ഇതു വ്യക്തമാക്കുന്നതെന്നും കർദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000ലും ഫ്രാൻസിസ് മാർപാപ്പ 2014ലും ജോർദാൻ നദീതീരം സന്ദർശിച്ചിരുന്നു.