മസ്കറ്റ് മോസ്ക് ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റു
Thursday, July 18, 2024 1:55 AM IST
മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ ഷിയാ മോസ്കിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഒരു ഇന്ത്യക്കാരനും നാലു പാക്കിസ്ഥാനികളും ഒമാനി പോലീസുകാരനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ഇന്ത്യക്കാരൻ അടക്കം 28 പേർക്കു പരിക്കേറ്റു. മരിച്ചതും പരിക്കേറ്റതുമായ ഇന്ത്യക്കാരുടെ വിവരങ്ങൾ വ്യക്തമല്ല.
മസ്കറ്റിലെ വാഡി അൽ കബീർ മേഖലയിലുള്ള ഇമാം അലി മോസ്കിൽ തിങ്കളാഴ്ച രാത്രി വെടിവയ്പുണ്ടാവുകയായിരുന്നു. ഷിയാകൾ മുഹറത്തിലെ ആഷൂര അനുസ്മരണത്തിന് ഒത്തുചേർന്നപ്പോഴായിരുന്നു ആക്രമണം.
വെടിവയ്പു നടത്തിയ മൂന്നു പേരെ ഒമാനി പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാൽ, തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അറിയിച്ചു. ഐഎസ് അനുഭാവികൾ സോഷ്യൽ മീഡിയയിൽ ആക്രമണം ആഘോഷിക്കുകയുണ്ടായി.
ഐഎസ് ഭീകരർ ഇറാക്ക്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങളിൽ ഷിയാകളെ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഒമാനിൽ ആക്രമണം നടത്തുന്നത് ആദ്യമാണ്.