ഇസ്രയേലിനുവേണ്ടി ചാരപ്പണി: വനിത അടക്കം നാലുപേരെ ഇറാൻ തൂക്കിലേറ്റി
Saturday, December 30, 2023 1:23 AM IST
ടെഹ്റാൻ: ഇസ്രേലി ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മൂന്നു പുരുഷന്മാരെയും ഒരു വനിതയെയും വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാൻ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് അസർബൈജാനിൽ ഇന്നലെ രാവിലെ ഇവരെ തൂക്കിലേറ്റുകയായിരുന്നു.
ഇവർ ഇറേനിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു. മൊസാദിനുവേണ്ടി ഇറാന്റെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇവർ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സംഘവുമായി ബന്ധമുള്ള മറ്റനവധിപ്പേർക്ക് പത്തു വർഷം വീതം തടവുശിക്ഷ വിധിച്ചിട്ടുമുണ്ട്.