ലോക്സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ
Thursday, March 27, 2025 2:49 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ച സ്പീക്കർ ഓം ബിർളയുടെ നടപടിക്കെതിരേ കോണ്ഗ്രസ് എംപിമാർ സ്പീക്കറെ നേരിൽക്കണ്ടു പരാതി നൽകി.
പ്രധാന വിഷയങ്ങളിൽപ്പോലും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ജനാധിപത്യവിരുദ്ധമായാണു സഭ നടത്തുന്നതെന്നും രാഹുൽ പാർലമെന്റിനു പുറത്തിറങ്ങി പിന്നീട് തുറന്നടിച്ചു.
ലോക്സഭയിൽ ഇന്നലെ രാഹുൽ സംസാരിക്കാനായി എഴുന്നേറ്റപ്പോൾ അനുവദിക്കാതെ സഭ പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചതാണു വിവാദമായത്. പ്രതിപക്ഷ നേതാവ് നിയമങ്ങൾക്കനുസൃതമായി പെരുമാറണമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
അംഗങ്ങൾ പാലിക്കേണ്ട നിയമങ്ങൾ കൈകാര്യം ചെയ്യുന്ന ചട്ടം 349 അനുസരിച്ച് പ്രതിപക്ഷ നേതാവ് പെരുമാറണം. സഭയുടെ ഉയർന്ന നിലവാരവും അന്തസും നിലനിർത്തുന്ന രീതിയിലാകണം അംഗങ്ങൾ പെരുമാറേണ്ടതെന്നും ബിർള പറഞ്ഞു.
എന്നാൽ, സഭയുടെ അന്തസിന് കോട്ടം തട്ടുന്ന ഒരു ചെറിയ നടപടി പോലും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഏഴെട്ടു ദിവസമായി ലോക്സഭയിൽ സംസാരിക്കാൻ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
എന്താണു സംഭവിക്കുന്നതെന്ന് അറിയില്ല. സംസാരിക്കാൻ അനുവദിക്കണമെന്നു സ്പീക്കറോട് അഭ്യർഥിച്ചു. പക്ഷേ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. അദ്ദേഹം ഓടിപ്പോയി.
സഭ നടത്താനുള്ള വഴിയല്ല ഇത്. ജനാധിപത്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടല്ല സഭ നടത്തുന്നത്- പാർലമെന്റിനുപുറത്ത് രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റായതൊന്നും താൻ ചെയ്തിട്ടില്ലെന്നും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി. എന്നിട്ടും താൻ എഴുന്നേൽക്കുന്പോഴെല്ലാം സംസാരിക്കുന്നതിൽനിന്നു തന്നെ തടയുന്നു.
ജനാധിപത്യഘടന അനുസരിച്ച് പ്രതിപക്ഷനേതാവിനു സംസാരിക്കാൻ അവസരം ലഭിക്കണം. പക്ഷേ അവർ അനുവദിക്കില്ല. ഇതാണ് പുതിയ ഇന്ത്യ. ഇവിടെ ജനാധിപത്യത്തിന് സ്ഥാനമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനുപോലും സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതും അനാവശ്യമായി ശകാരിക്കുന്നതും ജനാധിപത്യവിരുദ്ധവും പാർലമെന്ററി ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ എഴുപതിലേറെ കോണ്ഗ്രസ് എംപിമാർ പിന്നീട് സ്പീക്കർ ഓം ബിർളയെ കണ്ടു പരാതിപ്പെട്ടു.
കോണ്ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, വിപ്പ് മാണിക്കം ടാഗോർ, കേരള എംപിമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ രീതിയിലായിരുന്നു സ്പീക്കറുടെ പെരുമാറ്റമെന്ന് കോണ്ഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.