ത്രിഭുവൻ സഹകാരി ബിൽ ലോക്സഭ പാസാക്കി
Wednesday, March 26, 2025 11:59 PM IST
ന്യൂഡൽഹി: ഗുജറാത്തിലെ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഇർമ) ദേശീയ സർവകലാശാലയാക്കി മാറ്റാനുള്ള ത്രിഭുവൻ സഹകാരി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കി.
ബിൽ പാസാക്കുന്നത് രാജ്യത്ത് സാമൂഹികമേഖലയിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്നും ഗ്രാമീണ സന്പദ്വ്യവസ്ഥ, സംരംഭകത്വം, കോർപറേറ്റ് നേതൃത്വം എന്നിവയ്ക്ക് ഉത്തേജനം പകരുമെന്നും ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കു മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ബില്ല് പാസായതോടെ ഡോ. വർഗീസ് കുര്യന്റെ (അമൂൽ) നേതൃത്വത്തിൽ 1979ൽ സ്ഥാപിച്ച ‘ഇർമ’ ദേശീയ പ്രധാന്യമുള്ള സർവകലാശാലയായി മാറും. സഹകരണ സൊസൈറ്റികളിലേക്ക് യോഗ്യരായ ജോലിക്കാരെ സൃഷ്ടിക്കുകയെന്നതാണു സർവകലാശാലയുടെ മുഖ്യലക്ഷ്യം. സഹകരണവിദ്യാഭ്യാസത്തിന് ഏകീകൃതസ്വഭാവമോ ഗുണനിലവാര നിരീക്ഷണസംവിധാനമോ നിലവിലില്ല.
സമഗ്രവും ഏകീകൃത ഘടനയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ത്രിഭുവൻ സഹകാരി സർവകലാശാലയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണമേഖലയിലെ ആദ്യത്തെ സ്പെഷലൈസ്ഡ് സർവകലാശാലയായിരിക്കും ഇത്.
എന്നാൽ നിയമത്തിനു കീഴിൽ സ്ഥാപിക്കുന്ന ഗവേഷണസ്ഥാപനത്തിന് രാജ്യത്തിന്റെ ധവളവിപ്ലവത്തിന് തുടക്കം കുറിച്ച ഡോ. വർഗീസ് കുര്യന്റെ പേരു നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എം.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
സംസ്ഥാന സഹകരണസംഘങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതിനു മുന്നോടിയായുള്ള കേന്ദ്രത്തിന്റെ ആദ്യ ചുവടുവയ്പാണ് ത്രിഭുവൻ സഹകാരി സർവകലാശാല ബില്ലെന്ന് എം.കെ. രാഘവൻ എംപി ആരോപിച്ചു.