സിന്ധുനദീതട സംസ്കാര ലിപി: കോടികൾ പ്രഖ്യാപിച്ച് സ്റ്റാലിൻ
Monday, January 6, 2025 4:06 AM IST
ചെന്നൈ: സിന്ധുനദീതട സംസ്കാരകാലത്തെ ലിപികൾ വിശകലനം ചെയ്യുന്നതിനു കോടിക്കണക്കിനു രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സിന്ധുനദീതട സംസ്കാര കാലത്തെ പുരാതന ലിപി (ഇന്‍ഡസ് സ്ക്രിപ്റ്റ്) വിശകലനം ചെയ്യുന്നവർക്ക് എട്ടരക്കോടിയോളം രൂപ സമ്മാനം നൽകുമെന്നാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഗ്ദാനം.
സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മൂന്നു ദിവസത്തെ രാജ്യാന്തര സമ്മേളനം ചെന്നൈ എഗ്മോറിലെ സർ ജോൺമാർഷൽ മ്യൂസിയം തിയറ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ഒരിക്കല്‍ സമ്പന്നമായി വളര്‍ന്ന സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട രേഖയിലെ ലിപി വ്യക്തമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവേഷകര്‍ അതിനായുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
അത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനായി, ഈ ലിപി സംബന്ധിച്ച സങ്കീര്‍ണതകള്‍ പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പത്ത് ലക്ഷം യുഎസ് ഡോളര്‍ സമ്മാനമായി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നൂറു വർഷത്തിനിടെ സിന്ധുനദീതട സംസ്കാരവുമായി ബന്ധമുള്ള ഒട്ടേറെ പ്രദേശങ്ങൾ ഏഷ്യാ ഉപഭൂഖണ്ഡത്തിൽ കണ്ടെത്തി. എന്നാൽ നദീതട സംസ്കാര കാലത്തെ ലിപി വിശകലനം ചെയ്യുന്നതിൽ ഇനിയും വിജയിച്ചിട്ടില്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.