ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്കിനു തീപിടിച്ച് പതിനൊന്നുകാരി മരിച്ചു
Monday, January 6, 2025 4:06 AM IST
റത്ലം: മധ്യപ്രദേശിലെ റത്ലം ജില്ലയിൽ ഇലക്ട്രിക്ക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ 11കാരിക്കു ദാരുണാന്ത്യം. റത്ലമിലെ ഇൻഡസ്ട്രിയൽ മേഖലയ്ക്കു സമീപം ഭഗവത് മൗര്യയെന്നയാളുടെ വസതിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് അപകടം. ചാർജ് ചെയ്യുന്നതിനായി ഇലക്ട്രിക് പ്ലഗുമായി ബൈക്ക് ഘടിപ്പിച്ചശേഷം കുടുംബാംഗങ്ങൾ ഉറങ്ങാൻ പോയി.
ഇതിനിടെയാണു തീപിടിച്ച് വീടിനുള്ളിലേക്ക് പുകപടർന്നത്. അപകടത്തിൽ രണ്ടു കുട്ടികൾക്കു പരിക്കേൽക്കുകയും ചെയ്തു. പുക പടർന്നതോടെ വീട്ടുകാർ അഗ്നിശമന സേനയുടെ സഹായം തേടിയെങ്കിലും മുറിക്കുള്ളിൽ കുടുങ്ങിപ്പോയ 11കാരി ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ബൈക്ക് ഉടമയുടെ കൊച്ചുമകൾ അൻത്ര ചൗധരിയാണ് മരിച്ചത്. ഭഗവതി മൗര്യ, ലാവണ്യ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.