രണ്ടു ബിജെപി നേതാക്കൾ മരിച്ച വാഹനാപകടം മനഃപൂർവമെന്ന് ആരോപണം
Monday, January 6, 2025 4:06 AM IST
സാംബൽപുർ: ഒഡീഷയിൽ രണ്ടു ബിജെപി നേതാക്കൾ മരിച്ച വാഹനാപകടം മനഃപൂർവം നടത്തിയതെന്ന് ആരോപണവുമായി മുൻ എംഎൽഎ. ദേബേന്ദ്ര നായക്, മുരളീധർ ഛുരിയ എന്നിവരാണ് ഇന്നലെ പുലർച്ചെ ദേശീയപാത 53ൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. മരിച്ച രണ്ടു നേതാക്കളും മുതിർന്ന ബിജെപി നേതാവ് നൗരി നായിക്കിന്റെ അനുയായികളാണ്. കാറിൽ രണ്ടു തവണ ട്രക്ക് ഇടിച്ചുവെന്നും അപകടം ബോധപൂർവമാണെന്നു സംശയമുണ്ടെന്നും പരിക്കേറ്റ സുരേഷ് ചന്ദ പറഞ്ഞു. മുൻ എംഎൽഎ നൗരി നായിക്കും ഇതേ ആരോപണമുയർത്തി. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തെന്ന് എസ്പി മുകേഷ് കുമാർ ഭാമൂ പറഞ്ഞു.