ഒഡീഷ മുഖ്യമന്ത്രിയുടെ സമീപത്ത് ഡ്രോൺ തകർന്നുവീണു; തലനാരിഴയ്ക്ക് രക്ഷപ്പെടൽ
Monday, January 6, 2025 4:06 AM IST
ഭൂവനേശ്വർ: ഔദ്യോഗിക പരിപാടിക്കായി എത്തിയ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയുടെ ചിത്രങ്ങൾ പകർത്താനായി വിന്യസിച്ച ഡ്രോൺ മുഖ്യമന്ത്രിയുടെ കൺമുന്പിൽ തകർന്നുവീണു. വലിയ സുരക്ഷാവീഴ്ചയുണ്ടായെങ്കിലും മുഖ്യമന്ത്രി തലനാരിഴയ്ക്കു രക്ഷപ്പെട്ടുവെന്നതിന്റെ ആശ്വാസത്തിലാണ് അധികൃതർ.
മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗവും പോലീസും ചേർന്ന് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പെട്ടെന്ന് നീക്കംചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെയാണു സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വീഡിയോയും പകർത്തുന്നതിനായി ജില്ലാ ഭരണകൂടം സജ്ജീകരിച്ചതാണു ഡ്രോൺ എന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഡ്രോൺ തകർന്നുവീണതെന്നും ജാർസുഗുഡ പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി യാത്രതിരിച്ചുവെന്നും അവർ വിശദീകരിച്ചു.