രാഹുലിന്റെയും അമിത് ഷായുടെയും പ്രസംഗം: വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മീഷന്
Sunday, November 17, 2024 1:53 AM IST
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിമയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ രാഹുല്‍ ഗാന്ധിയുടെയും അമിത് ഷായുടെയും പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് പരിശോധിക്കുന്നു.
രാഹുലിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ബിജെപിയുടെ പരാതിയും അമിത് ഷാ അപകീർത്തികരമായ പരാമർശം നടത്തിയെന്നു കോണ്‍ഗ്രസും നല്കിയ പരാതിയിലാണു തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആറിനു രാഹുൽ നടത്തിയ പ്രസംഗമാണ് ബിജെപിയുടെ പരാതിക്ക് ആധാരം. ഭരണഘടനയെ തകര്‍ക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നുവെന്നാണ് രാഹുൽ പറഞ്ഞത്.
രാജ്യത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ യോഗ്യതയല്ല മറിച്ച് ആര്‍എസ്എസ് അംഗത്വമാണ് പരിഗണിക്കുന്നതെന്നു വ്യക്തമാകും എന്നതുൾപ്പെടെ ബിജെപിയുടെ പരാതിയിൽ എടുത്തുപറയുന്നുണ്ട്.
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ 12ന് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും അപകീർത്തിപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപണം. പട്ടികജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും കോൺഗ്രസ് എതിരാണെന്ന അമിത് ഷായുടെ പരാമർശത്തെക്കുറിച്ചും പരാതിയിൽ പറയുന്നുണ്ട്.