ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് എഎപി വിട്ടു
സ്വന്തം ലേഖകൻ
Monday, November 18, 2024 5:51 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാർട്ടിക്കു തിരിച്ചടി നൽകി മുതിർന്ന നേതാവും മന്ത്രിയുമായ കൈലാഷ് ഗെഹ്ലോട്ട് പാർട്ടിയിൽനിന്നും മന്ത്രിസഭയിൽനിന്നും രാജിവച്ചു. ഗതാഗതം, ഐടി വനിതാ- ശിശുക്ഷേമം തുടങ്ങിയ വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന.
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാലത്തു പാർട്ടി നേരിട്ട വിവാദങ്ങളുമാണ് രാജിയിലേക്കു നയിച്ചതെന്ന് മുഖ്യമന്ത്രി അതിഷി മർലേനയ്ക്കും പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കേജരിവാളിനും അയച്ച കത്തിൽ ഗെഹ്ലോട്ട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതുൾപ്പെടെ പാർട്ടിയുടെ പല വീഴ്ചകളും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.