മണിപ്പുർ : മുഖ്യമന്ത്രിക്ക് അന്ത്യശാസനവുമായി മെയ്തെയ് വിഭാഗം
Monday, November 18, 2024 3:00 AM IST
ഇംഫാല്‍: മണിപ്പുരില്‍ അഫ്സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്നും മെയ്തെയ് വിഭാഗം. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മണിപ്പുരിലെ മുഴുവന്‍ ജനപ്രതിനിധികളും സംയുക്തമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും മെയ്തെയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി വ്യക്തമാക്കി. തൃപ്തികരമായ നടപടിയില്ലെങ്കില്‍ എല്ലാവരും മണിപ്പുരി ജനതയുടെ രോഷത്തിനിരയാകും. സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം നല്‍കുകയാണെന്നും ഇന്നലെ അവര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൽ കൂടിയാലോചനകൾ ശക്തമാക്കിയത്.