വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനെ 19 ദിവസം ബന്ദിയാക്കി 10 കോടി തട്ടി
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: നിയമപാലനത്തിന്റെ കണ്ണിൽ പൊടിയിട്ട് രാജ്യത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. ഓണ്ലൈൻ അറസ്റ്റുകൾക്കെതിരേയുള്ള ബോധവത്കരണം സർക്കാർ ശക്തമാക്കുന്പോൾ ഇത്തവണ തട്ടിപ്പിനിരയായത് ഡൽഹിയിലെ 77 കാരനായ റിട്ട. എൻജിനിയറാണ്. ഇയാളെ 19 ദിവസം ബന്ദിയാക്കിവച്ച് പത്തു കോടി രൂപയാണ് തട്ടിപ്പുകാർ കവർന്നത്.
വയോധികന്റെ പേരിൽ നിരോധിത ലഹരിവസ്തുക്കൾ തായ്വാനിലേക്ക് പാഴ്സൽ അയച്ചിരുന്നുവെന്ന് ആരോപിച്ചായിരുന്നു മുംബൈ പോലീസ് ചമഞ്ഞെത്തിയ ഉദ്യോഗസ്ഥരുടെ ഡിജിറ്റൽ അറസ്റ്റ്. വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച പത്തു കോടിയിൽ 60 ലക്ഷം രൂപ മരവിപ്പിക്കാൻ കഴിഞ്ഞെന്നു കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസ് അറിയിച്ചു.
സെപ്റ്റംബർ 25ന് വയോധികനു ലഭിച്ച അജ്ഞാത നന്പറിലെ കോളിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. താങ്കൾ തായ്വാനിലേക്ക് അയച്ച കൊറിയർ മുംബൈയിൽ തടഞ്ഞുവച്ചെന്ന് അറിയിച്ചപ്പോൾ താനൊരു കൊറിയറും അയച്ചില്ലെന്നായിരുന്നു വയോധികന്റെ മറുപടി.
കൊറിയറിൽനിന്ന് നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിട്ടുണ്ടെന്നും പാഴ്സലിൽ താങ്കളുടെ ആധാർ കാർഡ് വിവരങ്ങളാണു രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അറിയിച്ചു. പിന്നീട് മുംബൈ പോലീസ് ക്രൈംബ്രാഞ്ചിൽനിന്നാണെന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ വീഡിയോ കോളിൽവന്ന് ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വയോധികനിൽനിന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ വിവരങ്ങൾ കൈക്കലാക്കിയ തട്ടിപ്പുസംഘം മണിക്കൂറുകളോളം ഒരു സ്വകാര്യമുറിയിൽ ഇദ്ദേഹത്തെ ബന്ദിയാക്കി.
പുറത്താരോടെങ്കിലും അറസ്റ്റിനെക്കുറിച്ചു പറഞ്ഞാൽ അവരെയും കേസിൽ പ്രതിയാക്കുമെന്നു പറഞ്ഞ തട്ടിപ്പുസംഘം ഒക്ടോബർ 14 വരെയുള്ള 19 ദിവസങ്ങളിലായി പത്തു കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് അറസ്റ്റിനെപ്പറ്റി സഹോദരനെ അറിയിച്ചതിനുശേഷമാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് വയോധികനു ബോധ്യമായത്. ഉടൻതന്നെ ഡൽഹി സൈബർക്രൈമിൽ പരാതിപ്പെട്ടതിനാൽ നഷ്ടപ്പെട്ട പത്തു കോടിയിൽ 60 ലക്ഷം രൂപ മരവിപ്പിക്കാനായി.
പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് ശേഷിക്കുന്ന തുകകൂടി വീണ്ടെടുക്കാനാണ് അധികാരികളുടെ ശ്രമം.