മണിപ്പുർ : വീണ്ടും കലാപകലുഷിതം
Sunday, November 17, 2024 1:53 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ കുക്കി ഹമാർ ഗോത്രവർഗക്കാർ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗക്കാരായ ആറുപേരെക്കൂടി വധിച്ചു. എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെയും മറ്റു രണ്ടു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ ആസാമിനോടു ചേർന്നുകിടക്കുന്ന ജിരിബാം ജില്ലയിലെ ബരാക് നദിയിൽനിന്നാണു വീണ്ടെടുത്തത്. നാലു ദിവസമെങ്കിലും പഴക്കമുള്ള മൃതദേഹങ്ങൾ ജീർണാവസ്ഥയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ജിരിബാമിലെ ബോറോബ്രക്രയിൽ കുക്കി ഹമാർ ഗോത്രവിഭാഗക്കാരും ഗ്രാമസംരക്ഷകരുമായ 11 പേർ അർധസൈനികവിഭാഗമായ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദുരിതാശ്വാസ ക്യാന്പിൽനിന്നു പത്ത് മെയ്തെയ്കളെ കുക്കികൾ തട്ടിക്കൊണ്ടു പോയത്. ഇവരിൽ വെടിയേറ്റു കൊല്ലപ്പെട്ട രണ്ടു പുരുഷന്മാരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. രണ്ടു യുവാക്കൾ രക്ഷപ്പെട്ട് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
കാണാതായെന്നു പോലീസ് സ്ഥിരീകരിച്ച ആറുപേരുടെ മൃതദേഹങ്ങളാണ് നദിയിൽനിന്നു കണ്ടെടുത്തത്. ജിരിബാമിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള ആസാമിലെ സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജിരിബാമിൽ മൂന്നു കുട്ടികളുടെ അമ്മയും സ്കൂൾ അധ്യാപികയുമായ കുക്കി ഹമാർ ഗോത്രവിഭാഗത്തിൽപ്പെട്ട സ്ത്രീയെ മെയ്തെയ് സായുധസംഘടനയായ അരംബായി തെങ്കോളിന്റെ നേതൃത്വത്തിൽ ക്രൂരമായി ചുട്ടുകൊന്ന സംഭവമാണ് വീണ്ടും കലാപത്തിനു വഴിതെളിച്ചത്. വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷമാണ് കൊലപ്പെടുത്തി കത്തിച്ചതെന്ന് കുക്കികൾ ആരോപിച്ചു.
സംഭവത്തിലെ പ്രതികൾ ബോറെബക്ര പോലീസ് സ്റ്റേഷനിൽ ഒളിവിൽ കഴിയുകയാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്കു മാർച്ച് ചെയ്ത കുക്കി ഹമാർ സംഘവും സിആർപിഎഫും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണു 11 ഹമാർ ഗോത്രവിഭാഗക്കാർ വെടിയേറ്റു മരിച്ചത്.
ദുരിതാശ്വാസ ക്യാന്പിൽനിന്നു തട്ടിക്കൊണ്ടുപോയി അഞ്ചു ദിവസത്തിനുശേഷമാണ് ആറു മൃതദേഹങ്ങൾ നദിയിൽനിന്നു പോലീസ് വീണ്ടെടുത്തത്.
മണിപ്പുർ സർക്കാരിലെ താഴ്ന്ന ഗ്രേഡിലുള്ള തൊഴിലാളിയായ ലൈഷാറാം ഹീറോജിത്തിന്റെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളാണ് നദിയിൽനിന്നു കണ്ടെടുത്തത്. മെയ്തെയ് വിഭാഗക്കാരനായ ലൈഷാറാമിന്റെ രണ്ടു മക്കളും ഭാര്യയും ഭാര്യാസഹോദരിയും ഭാര്യാമാതാവും കൊല്ലപ്പെട്ടു.
സായുധരായ കുക്കികൾ തന്റെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോയി ഒരു ബോട്ടിൽ നദിയിലൂടെ കൊണ്ടുപോകുന്നതു കണ്ടുവെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്നും, അപ്പോഴും അതു സത്യമാകരുതേയെന്നാണു പ്രാർഥിച്ചിരുന്നതെന്നും ലൈഷാറാം പറഞ്ഞു.
ഇതിനിടെ, സിആർപിഎഫിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ട പത്ത് കുക്കി ഹമാർ ഗോത്രവർഗക്കാരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കുക്കികൾ തടഞ്ഞു. പ്രതിഷേധക്കാരെ നീക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയതു സംഘർഷം രൂക്ഷമാക്കി.
ആസാമിലെ സിൽച്ചാർ മെഡിക്കൽ കോളജ് മോർച്ചറിയിൽ തിങ്കളാഴ്ച മുതൽ സൂക്ഷിച്ചിരിക്കുന്ന പത്ത് മൃതദേഹങ്ങളും കുക്കി ഭൂരിപക്ഷപ്രദേശമായ ചുരാചന്ദ്പുരിലേക്ക് കൊണ്ടുപോകാനുള്ള പോലീസിന്റെ നീക്കമാണു പ്രതിഷേധക്കാർ തടഞ്ഞത്.
പ്രതിഷേധം പടരുന്നു; വിദ്യാലയങ്ങൾ അടച്ചു
ജിരിബാം ജില്ലയിൽ 11 കുക്കികളും പിന്നാലെ എട്ടു മെയ്തെയ്കളും കൊല്ലപ്പെട്ടതോടെ മണിപ്പുരിൽ സംഘർഷം വീണ്ടും രൂക്ഷമായി. മെയ്തെയ്കളും കുക്കികളും രോഷത്തിലും കടുത്ത പ്രതിഷേധത്തിലുമാണ്.
ഇംഫാൽ നഗരത്തിൽ അടക്കം താഴ്വരയിലെ വിവിധ കേന്ദ്രങ്ങളിൽ മെയ്തെയ് സ്ത്രീകളും യുവാക്കളും പ്രതിഷേധപ്രകടനം നടത്തി. കുക്കികളെ വെടിവച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ചുരാചന്ദ്പുരിലടക്കം കുക്കി സ്ത്രീകളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചും മറ്റും പ്രകടനങ്ങൾ നടന്നിരുന്നു.
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ മണിപ്പുരിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
മന്ത്രിമാരുടെ വസതികളിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ
ഇംഫാല്‍: ജിരിബാമില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചു മണിപ്പുരിലെ രണ്ട് മന്ത്രിമാരുടെ വസതിയിൽ ജനക്കൂട്ടം കടന്നുകയറിയെന്നു റിപ്പോർട്ടുകൾ. മൂന്ന് എംഎൽഎമാരുടെ വസതിക്കു നേരേയും ആക്രമണമുണ്ടായി. പൂർണവിവരങ്ങൾ ഇന്നലെ രാത്രിയും പുറത്തുവന്നിട്ടില്ല.
ഇംഫാല്‍ വെസ്റ്റിലെ ലാംഫെല്‍ സനകീത്തേല് മേഖലയില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനം കടന്നുകയറിയതായി പോലീസ് സ്ഥിരീകരിച്ചു. സഗോള്ബന്ത് മേഖലയില്‍ ബിജെപി എംഎല്‍എ ആര്.കെ. ഇമോയുടെ വീട്ടിലും ആക്രമണം നടന്നു.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ മരുമകനാണ് ഇമോ. കെയ്ഷാംതോംഗില്നിന്നുള്ള സ്വതന്ത്ര അംഗം സപം നിഷികാന്ത സിംഗിന്റെ വീട്ടിലെത്തിയ പ്രതിഷേധക്കാർ എംഎല്‍എ സ്ഥലത്തില്ലെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്രം ഓഫീസിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
സംഘർഷം വ്യാപിക്കുന്നത് തടയുക ലക്ഷ്യമിട്ട് ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അധികൃതര്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപുര്‍, തൗബാല്‍, കാങ്പോക്പി, ചുരാചന്ദ്പുര്‍ ജില്ലകളില്‍ ഇന്റർനെറ്റും മൊബൈല്‍ സേവനങ്ങളും രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു.