ജി20 ഉച്ചകോടിയിൽ ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി മോദി
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ക്രിയാത്മകവും അർഥപൂർണവുമായ ചർച്ചകൾ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നൈജീരിയ, ബ്രസീൽ, ഗയാന എന്നീ രാജ്യങ്ങളിലേക്കുള്ള അഞ്ചു ദിവസം നീളുന്ന സന്ദർശനത്തിനായി പുറപ്പെടും മുന്പാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഇന്ത്യയുടെ അധ്യക്ഷ പദവിയിലൂടെ ജി 20 യെ ജനങ്ങളുടെ ജി 20 ആയി ഉയർത്താൻ കഴിഞ്ഞുവെന്നും ഇന്ത്യയടങ്ങുന്ന "ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ ആവശ്യങ്ങൾ അജണ്ടയുടെ മുൻനിരയിയിലേക്ക് എത്തിയെന്നും മോദി പറഞ്ഞു.
ഈ മാസം 18, 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ഷനേറയിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്നലെയും ഇന്നും മോദി നൈജീരിയ സന്ദർശനത്തിലാണ്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 19, 21 തീയതികളിൽ ഗയാനയും സന്ദർശിക്കും.