മണിപ്പുർ ജനതയുടെ ദുരിതം കാണാൻ ബിജെപിക്കാകുന്നില്ല: കോണ്ഗ്രസ്
സ്വന്തം ലേഖകൻ
Monday, November 18, 2024 3:00 AM IST
ന്യൂഡൽഹി: മണിപ്പുർ കത്തിക്കാൻ ഭരണകക്ഷിയായ ബിജെപി മനഃപൂർവം ആഗ്രഹിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2023 മേയ് മുതൽ മണിപ്പുരിലെ ജനങ്ങൾ സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള വേദനയുടെയും വിഭജനത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം കൊണ്ട് അവരുടെ ഭാവി തകർക്കപ്പെട്ടു. ബിജെപിയുടെ വിദ്വേഷജനകമായ വിഭജനരാഷ്ട്രീയത്തിന്റെ ഫലമാണ് മണിപ്പുരെന്നും ഖാർഗെ സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു.
ഈ മാസം ഏഴിനുശേഷം കുറഞ്ഞത് 17 പേർക്കെങ്കിലും അവിടത്തെ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടു. സംഘർഷബാധിത പ്രദേശങ്ങളുടെ പട്ടികയിലേക്ക് പുതിയ ജില്ലകൾ ചേർക്കുകയാണ് സർക്കാർ ചെയ്തത്. സംഘർഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തികളിലേക്കു വ്യാപിക്കുകയാണ്. മണിപ്പുരിലെ പ്രശ്നപരിഹാരത്തിൽ ബിജെപി പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയിൽ മണിപ്പുർ സന്ദർശിച്ചാലും അവിടെയുള്ളവർ സർക്കാരിന്റെ ചെയ്തികൾ ഒരിക്കലും മറക്കില്ലെന്നും ഖാർഗെ പറഞ്ഞു.
മണിപ്പുരിൽ നടക്കുന്ന സംഭവവികാസങ്ങൾ അസ്വസ്ഥയുണ്ടാക്കുന്നതായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി ഇനിയെങ്കിലും മണിപ്പുർ സന്ദർശിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിച്ച് ലോകത്തിന്റെ മുഴുവൻ സമാധാന അംബാസഡറാകുമെന്ന പ്രചാരണമാണു മോദി നടത്തുന്നതെന്നും എന്നാൽ ഒന്നര വർഷമായി സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നും കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
നിരവധി റാലികളിലും ലോകരാജ്യങ്ങളിലേക്ക് പര്യടനങ്ങളും അദ്ദേഹം നടത്തുന്നു. എന്നാൽ, മണിപ്പുർ സന്ദർശിക്കാൻ മോദിക്കു സമയമില്ലേയെന്നും പ്രിയങ്ക ചോദിച്ചു. മന്ത്രിമാരുടെയും എംഎൽഎമാരുടെയുമടക്കം വീടുകൾ ആക്രമിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇക്കൂട്ടർ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതെന്നും പ്രിയങ്ക എക്സിൽ കുറിച്ച പോസ്റ്റിൽ ചോദിച്ചു.