യുപി ആശുപത്രിയിലെ അഗ്നിബാധ: അസുഖത്തെത്തുടർന്ന് കുട്ടി മരിച്ചു
Monday, November 18, 2024 3:00 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിലെ കുട്ടികളുടെ വാർഡിൽ അഗ്നിബാധയെത്തുടർന്ന് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയ പിഞ്ചുകുഞ്ഞ് അസുഖത്തെത്തുടർന്ന് മരണത്തിനു കീഴടങ്ങി. മരണമടഞ്ഞ ആൺകുഞ്ഞ് അസുഖബാധിതനായിരുന്നുവെന്നും പൊള്ളലേറ്റ പരിക്കുകൾ ശരീരത്തിൽ ഇല്ലായിരുന്നുവെന്നും ജില്ലാ കളക്ടർ അവിനാഷ് കുമാർ പറഞ്ഞു.
ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ 38 കുട്ടികളെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഇതിൽ ഒരാളാണ് ഇന്നലെ മരിച്ചത്. മറ്റ് മൂന്നു കുട്ടികളുടെ ആരോഗ്യനിലയും മോശമാണ്.
തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനൊപ്പം ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും സമിതി പരിശോധിക്കും. ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.