ആരെതിർത്താലും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ
Sunday, November 17, 2024 1:53 AM IST
ന്യൂഡൽഹി: ആരെതിർത്താലും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ ഈ മാസം 25നു തുടങ്ങുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി പാസാക്കുമെന്ന തന്റെ മുൻ പ്രസ്താവന അദ്ദേഹം ആവർത്തിച്ചില്ല.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലികളിൽ പ്രസംഗിക്കവെ, കർണാടകയിൽ വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ച കർഷകരുടെ പ്രശ്നം ഉയർത്തിയ അമിത് ഷാ കേരളത്തിലെ മുനന്പം അടക്കമുള്ള പ്രദേശങ്ങളിലെ വഖഫ് പ്രശ്നം പരാമർശിച്ചില്ല.
“കർണാടകയിൽ ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയുമുൾപ്പെടെ നൂറുകണക്കിനു ഗ്രാമങ്ങളെ വഖഫ് ബോർഡ് അതിന്റെ സ്വത്താക്കി മാറ്റിയ വാർത്ത അടുത്തിടെ വായിച്ചിരിക്കണം. വഖഫ് ബോർഡ് നിയമം മാറ്റാൻ മോദി പദ്ധതിയിടുന്നു.
എന്നാൽ ഉദ്ധവ് താക്കറെ, ശരദ് പവാർ, സുപ്രിയ സുലെ എന്നിവർ അതിനെ എതിർക്കുന്നു. ഉദ്ധവിനും പവാറിനും രാഹുലിനും എത്ര വേണമെങ്കിലും പ്രതിഷേധിക്കാം. എന്നാൽ വഖഫ് നിയമം മാറ്റാൻ മോദി തീരുമാനിച്ചിട്ടുണ്ട്’’- തെരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കവെ അമിത് ഷാ വ്യക്തമാക്കി.
മോദിയുടെ ബിജെപി സർക്കാർ രാമക്ഷേത്രം നിർമിച്ചു. അനുച്ഛേദം 370 നീക്കം ചെയ്തു, മുത്തലാക്ക് നിർത്തി, സിഎഎ നടപ്പാക്കി. ഇപ്പോൾ വഖഫ് ബോർഡ് നിയമവും മാറ്റാൻ പദ്ധതിയിടുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
പട്ടികജാതി-വർഗ, പിന്നാക്ക, ദളിത്, ആദിവാസി സംവരണം അവസാനിപ്പിച്ച് മുസ്ലിംകൾക്കു സംവരണം നൽകണോയെന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
ഒരിക്കലും രാമക്ഷേത്രം സന്ദർശിക്കാത്തവർ മുസ്ലിം പള്ളികൾക്ക് 1,000 കോടി രൂപ നൽകുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
മസ്ജിദുകൾ നന്നാക്കാൻ 1,000 കോടി നൽകണോ? എല്ലാ മാസവും 15,000 രൂപവീതം മൗലാനകൾക്കു നൽകിയാൽ കോണ്ഗ്രസിന് വോട്ട് നൽകാമെന്നാണ് മുസ്ലിം മതനേതാക്കളും ഉലമമാരും കോണ്ഗ്രസ് നേതാവ് നാനാ പടോലെയെ കണ്ടു പറഞ്ഞത്. ഇതിനോടു വോട്ടർമാർ യോജിക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.