അവാര്‍ഡ് തിരികെ നല്‍കുന്നതു പിന്നീട് തീരുമാനിക്കും: വിക്രം സേത്ത്
Thursday, October 22, 2015 12:18 AM IST
ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടക്കുന്ന സാഹിത്യ അക്കാഡമിയുടെ പൊതുയോഗ തീരുമാനങ്ങള്‍ അറിഞ്ഞശേഷം തനിക്കു ലഭിച്ച അക്കാഡമി അവാര്‍ഡ് തിരികെ നല്കണമോ വേണ്ടയോ എന്നു തീരുമാനിക്കുമെന്ന് പ്രമുഖ സാഹിത്യകാരന്‍ വിക്രം സേത്ത്.
എം.എം. കല്‍ബുര്‍ഗിയുടെ വധം തുടങ്ങി ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കെതിരേ സാഹിത്യലോകം ശക്തമായി രംഗത്തുവന്നിരുന്നു. നയന്‍താര സെഗാള്‍, ഉധയ് പ്രകാശ്, അശോക് വാജ്പേയ്, സാറ ജോസഫ് തുടങ്ങിയവരുള്‍പ്പെടെ നാല്‍പ്പതോളം കലാ-സാഹിത്യപ്രതിഭകള്‍ പ്രതിഷേധസൂചകമായി അക്കാഡമി അവാര്‍ഡുകള്‍ തിരിച്ചു നല്കി. കല്‍ബുര്‍ഗി വിഷയം ഉള്‍പ്പെടെ സാഹിത്യ അക്കാഡമിയുടെ ജനറല്‍ യോഗത്തിലെടുക്കുന്ന തീരുമാനം അറിഞ്ഞശേഷം അവാര്‍ഡ് തിരികെ നല്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും വിക്രം സേത്ത് പറഞ്ഞു.
അറുപത്തിമൂന്നുകാരനായ വിക്രം സേത്തിന് ദ ഗോള്‍ഡന്‍ ഗേറ്റ് എന്ന നോവലിലൂടെ 1988ല്‍ സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിരുന്നു. കല്‍ബുര്‍ഗി വിഷയത്തില്‍ കേന്ദ്ര നിലപാടിനെതിരേ അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ ഒന്നിന് രാജ്യവ്യാപകമായി പ്രതിഷേധ സമ്മേളനങ്ങള്‍ നടത്താന്‍ സാഹിത്യലോകം തീരുമാനിച്ചിട്ടുണ്ട്.