തമിഴ്നാട് ബജറ്റിൽ ചിഹ്നത്തിന് വെട്ട്
Friday, March 14, 2025 12:04 AM IST
ചെന്നൈ: തമിഴ്നാട് സർക്കാർ സംസ്ഥാന ബജറ്റ് ലോഗോയിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം മാറ്റി ( ₹) തമിഴ് ലിപി അടിസ്ഥാനമാക്കിയുള്ള ‘രു’ (Ru) ഉൾപ്പെടുത്തി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന് തമിഴ്നാട് ആവർത്തിച്ച് ആരോപിക്കുന്നതോടെ പുതിയ നീക്കം ഭാഷ ചർച്ചയ്ക്ക് ആക്കം കൂട്ടി. ബജറ്റ് ലോഗോയിൽ തമിഴ് വാക്ക് റുബായ് (Rubaai)യുടെ ആദ്യാക്ഷരം രുവാണ്. ഇത് തമിഴിൽ ഇന്ത്യൻ നാണയത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ വർഷത്തെ ബജറ്റിൽ Re ചിഹ്നമായിരുന്നു.
2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് തമിഴ്നാട് നിയമസഭയില്‍ ഇന്നാണ് ധനമന്ത്രി തങ്കം തേനരസ് അവതരിപ്പിക്കുക. ബജറ്റിനു മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് വിവാദമായ ബജറ്റ് ലോഗോ പുറത്തുവിട്ടത്. സ്റ്റാലിന് സാമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ മാറ്റമുള്ളത്. ഈ മാറ്റത്തെക്കുറിച്ച് തമിഴ്നാട് സർക്കാരിൽ നിന്ന് ഇതുവരെ ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
തമിഴ്നാട് സർക്കാരിന്റെ ലോഗോ മാറ്റത്തെ വിമർശിച്ച് ബിജെപി രംഗത്തുവന്നു. മുഖ്യമന്ത്രി സ്റ്റാലിൻ മണ്ടനാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. തമിഴൻ രൂപകല്പന ചെയ്ത രൂപ ചിഹ്നമാണ് ബജറ്റിൽനിന്നു നീക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ലോഗോയിൽ ‘രു’ അക്ഷരം ഉപയോഗിക്കുന്നതിനെ നിയമം എതിർക്കുന്നില്ലെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ തിരിച്ചടിച്ചു.
ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. ഇതൊരു ‘ഏറ്റുമുട്ടൽ’ അല്ല. ഞങ്ങൾ തമിഴിന് മുൻഗണന നൽകുന്നു. അതുകൊണ്ടാണ് സർക്കാർ ഇതിലേക്ക് മുന്നോട്ട് പോയത്. ശരവണൻ അണ്ണാദുരൈ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.
എല്ലാറ്റിനുമുപരി, തമിഴ്നാട് സർക്കാരിന്റെ ഈ നീക്കം ആശ്ചര്യപ്പെടുത്തുന്നതാണ്. കാരണം ഇന്ന് കാണുന്ന രൂപ ചിഹ്നം ഒരു തമിഴൻ തന്നെയാണ് രൂപകൽപ്പന ചെയ്തത്.
രൂപ ചിഹ്നം രൂപകല്പന ചെയ്തത് തമിഴ്നാട്ടുകാരൻ
തമിഴ്നാട്ടിൽ നിന്നുള്ള ഒരു അക്കാദമിക്കും ഡിസൈനറുമായ ഡി. ഉദയ കുമാർ ആണ് രൂപ ചിഹ്നത്തിന് പിന്നിൽ പ്രവർത്തിച്ചത്. 2010 ജൂലൈ 15 ന് ഇന്ത്യൻ സർക്കാർ ഇത് ഒൗദ്യോഗികമായി അംഗീകരിച്ചു. ഋഷിവന്ദ്യം നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ ഡിഎംകെ നിയമസഭാ അംഗം എൻ. ധർമ്മലിംഗത്തിന്റെ മകനാണ് അദ്ദേഹം എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരു ദേശീയ മത്സരത്തിലെ ആയിരക്കണക്കിന് എൻട്രികളിൽ നിന്നാണ് ഉദയ്കുമാറിന്റെ ഡിസൈൻ തെരഞ്ഞെടുത്തത്. ഇന്ത്യൻ ധാർമികതയുടെയും ആധുനികതയുടെയും സംയോജനമായിരുന്നു രൂപയുടെ ചിഹ്നം. ദേവനാഗരി അക്ഷരമായ- (ര) ഉം റോമൻ കാപ്പിറ്റൽ അക്ഷരമായ ‘R’ ഉം ലയിപ്പിച്ചതാണ് ഇപ്പോൾ കാണുന്ന രൂപയുടെ ചിഹ്നം. മുകളിലുള്ള രണ്ട് തിരശ്ചീന വരകൾ ഇന്ത്യൻ ത്രിവർണ പതാകയെ മാത്രമല്ല, സാന്പത്തിക സന്തുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്ന ‘തുല്യം’ ചിഹ്നത്തെയും പ്രതീകപ്പെടുത്തുന്നു.
ഉദയ കുമാർ ഇപ്പോൾ ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം മേധാവിയാണ്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും തുടർന്ന് ഐഐടി ബോംബെയിൽ നിന്ന് എംഡിയും പിഎച്ച്ഡിയും നേടി. ടൈപ്പോഗ്രഫിയിലും ഡിസൈൻ ഗവേഷണത്തിലുമുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യം അദ്ദേഹത്തെ തമിഴ് ഫോണ്ടുകൾ നിർമിക്കുന്നതിലേക്കും തമിഴ് ലിപിയുടെ ആധുനികവൽക്കരണത്തിൽ വിപുലമായി പ്രവർത്തിക്കുന്നതിലേക്കും നയിച്ചു.
കുമാറിന്റെ ഡിസൈൻ ചരിത്രം സൃഷ്ടിക്കുക മാത്രമല്ല, അദ്ദേഹത്തിന് 2.5 ലക്ഷം രൂപ സമ്മാനം നേടിക്കൊടുക്കുയും ചെയ്തു. അതിനുശേഷം അദ്ദേഹം ഐഐടി ഹൈദരാബാദ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്കായി ലോഗോകൾ രൂപകൽപ്പന ചെയ്തു നൽകി.