ഡിഎംകെയ്ക്ക് പിന്തുണയുമായി സിദ്ധരാമയ്യ
Friday, March 14, 2025 12:04 AM IST
ബംഗളൂരു: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തിനെതിരേ പ്രതിഷേധിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
വിഷയം ചർച്ച ചെയ്യാനായി ചെന്നൈയിൽ ഈ മാസം 22ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോട് അദ്ദേഹം അഭ്യർഥിച്ചു.
സംസ്ഥാനങ്ങൾക്ക് സ്വയംഭരണത്തെ ബാധിക്കുന്ന വിഷയം സമാനമനസ്കരായ സംസ്ഥാനങ്ങൾ ചർച്ച ചെയ്യേണ്ടതാണെന്നും യോഗത്തിൽ ഉപമുഖ്യമന്ത്രി പങ്കെടുക്കുമെന്നും സിദ്ധരാമയ്യ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അയച്ച കത്തിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യക്കെതിരായി നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച തമിഴ്നാട് മന്ത്രി കെ.പൊന്മുടിയും രാജ്യസഭാ എംപി അബ്ദുള്ള ഇസ്മായിലും സിദ്ധരാമയ്യയെ സ്വകാര്യ വസതിയിലെത്തി സന്ദർശിച്ചിരുന്നു.