ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Wednesday, September 17, 2025 1:36 AM IST
പത്തനംതിട്ട: പമ്പയില്‍ 20നു നടക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന സംഗമത്തിലേക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം 3000 പേരെയാണ് പങ്കെടുപ്പിക്കുന്നത്.
പമ്പയിലെ പ്രധാനവേദിയില്‍ രാവിലെ പത്തിനാണ് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് സംഗമത്തെ സംബന്ധിച്ച വിശദീകരണം നല്‍കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍, സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട്, തീര്‍ഥാടനകാലത്തെ ക്രമീകരണം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. മൂന്നു വേദികളിലായിട്ടായിരിക്കും പാനല്‍ചര്‍ച്ചകള്‍. 11.40ന് സെഷനുകള്‍ ആരംഭിക്കും.
മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുന്‍ ഡിജിപിമാരായ ജേക്കബ് പുന്നൂസ്, എ. ഹേമചന്ദ്രന്, മുന്‍ അംബാസഡര്‍ വേണു രാജാമണി, ടൂറിസം സെക്രട്ടറി കെ. ബിജു, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷല്‍ സെക്രട്ടറി സീറാം സാംബശിവറാവു, ഹസാഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കും.