കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രിക്കു മറുപടിയില്ല; സത്യഗ്രഹ സമരം തുടങ്ങി പ്രതിപക്ഷം
Wednesday, September 17, 2025 1:37 AM IST
തിരുവനന്തപുരം: കസ്റ്റഡി മർദനത്തിലെ പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി പ്രതിപക്ഷം.
കുന്നംകുളം കസ്റ്റഡി മർദനത്തിൽ പോലീസുകാരെ പിരിച്ചുവിടണമെന്ന അടിയന്തര പ്രമേയ ചർച്ചയിലെ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കാത്തതിനെത്തുടർന്നാണ് നിയമസഭാ കവാടത്തിൽ കോണ്ഗ്രസ് പ്രതിനിധി സനീഷ് കുമാർ ജോസഫും മുസ്ലിം ലീഗിലെ എ.കെ.എം. അഷ്റഫും സത്യഗ്രഹ സമരം തുടങ്ങിയത്.
കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിട്ടില്ലെങ്കിൽ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്നു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പോലീസുകാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒന്നും പ്രഖ്യാപിച്ചില്ല.
തുടർന്നാണ്, ഗുണ്ടകളായ പോലീസുകാരെ സർവീസിൽനിന്നു പിരിച്ചുവിടുക, കസ്റ്റഡി മർദനം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സഭയ്ക്കു മുന്നിൽ സത്യഗ്രഹ സമരം തുടങ്ങിയത്. സഭാ നടപടികൾ ബഹിഷ്കരിച്ചായിരുന്നു പ്രതിപക്ഷ സമരം തുടങ്ങിയത്.
കുന്നംകുളത്തെ കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള പോലീസ് അതിക്രമങ്ങൾ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ റോജി എം. ജോണ് നോട്ടീസ് നൽകിയിരുന്നു.മാധ്യമങ്ങൾ ഇക്കാര്യം നല്ലതുപോലെ ചർച്ച ചെയ്തതിനാൽ ഇക്കാര്യം സഭയിലും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തുടർന്നുനടന്ന ചർച്ചയിലാണു പോലീസുകാരെ പിരിച്ചുവിടണമെന്നു പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ആവശ്യപ്പെട്ടത്. എന്നാൽ, തെറ്റു ചെയ്ത പോലീസുകാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നല്ലാതെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗത്തിനിടെ, പോലീസുകാരെ പിരിച്ചുവിടുമോ ഇല്ലയോ എന്നാണ് അറിയേണ്ടതെന്നു സതീശൻ മുഖ്യമന്ത്രിയോടു ചോദിച്ചു. എന്നാൽ, തെറ്റായ കാര്യങ്ങൾ നടത്തിയവർക്കെതിരെ പിരിച്ചുവിടൽ നടപടി സ്വീകരിച്ചുവെന്നും കുറ്റത്തിന്റെ കാഠിന്യമനുസരിച്ചു നടപടി സ്വീകരിക്കുമെന്ന സമീപനം സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ പ്രതിപക്ഷ നേതാവ് സഭാ നടപടികൾ ബഹിഷ്കരിച്ച് അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു. കുന്നംകുളം സംഭവത്തിൽ പോലീസുകാർക്കെതിരേ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സർക്കാർ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച വരെ സത്യഗ്രഹം തുടരും.