“എന്നെ അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയും പ്രസംഗിക്കില്ല”; വി.ഡി. സതീശൻ
Wednesday, September 17, 2025 1:37 AM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് മർദനം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണകക്ഷി അംഗങ്ങളുടെ ശ്രമം.
സിപിഎമ്മിലെ കെ.എം. സച്ചിൻദേവ് അടക്കമുള്ളവരുടെ ബഹളത്തെത്തുടർന്ന്, തന്റെ പ്രസംഗം തടസപ്പെടുത്തിയാൽ മുഖ്യമന്ത്രിയേയും മറുപടി പറയാൻ അനുവദിക്കില്ലെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങളും സീറ്റിൽ നിന്ന് ഇറങ്ങി ബഹളം വച്ചതോടെ സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടു ഭരണകക്ഷി അംഗങ്ങളെ ശാന്തരാക്കി പ്രസംഗം തുടരാൻ അനുവദിക്കുകയായിരുന്നു. നേരത്തേയും സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചിരുന്നു.
കസ്റ്റഡിമർദനം പുറംലോകം അറിയാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടാതിരുന്ന സർക്കാർ, സുജിത്തിന്റെയും നിയമപരമായി സഹായിച്ച വർഗീസിന്റെയും ശ്രമഫലമായാണു രണ്ടര വർഷം കഴിഞ്ഞു കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതെന്നു വി.ഡി. സതീശൻ പറഞ്ഞു.
സർക്കാർ തടഞ്ഞുവച്ചിരുന്ന ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷനിലെ അപ്പീലിനെത്തുടർന്ന് ലഭിക്കാൻ വൈകിയതിനാലാണ് ഇത്ര വലിയ ക്രൂരമർദനത്തിന്റെ വിവരങ്ങൾ പുറം ലോകം അറിയാൻ വൈകിയതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
കരിക്കു തോർത്തിൽ കെട്ടി അടിക്കുന്നു, കുരുമുളക് സ്പ്രേ ചെയ്യുന്നു, തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കാൻ പോലീസിന് എന്നു മുതലാണ് അനുമതി നൽകിയതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.
51 വെട്ടു വെട്ടി മൃഗീയമായി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികൾ ജയിലിൽ ഗൂഢാലോചന നടത്തി ക്വട്ടേഷൻ നൽകുന്പോഴാണ് പാവപ്പെട്ടവർ ലോക്കപ്പ് മർദനത്തിന് ഇരയാകുന്നത്. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിനാലാണു നടപടിയെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ചു പോലീസുകാർ ചേർന്നു ക്രൂരമായി മർദിച്ച് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലാക്കിയിട്ടും സംഘം ചേർന്നുള്ള മർദനം തുടർന്നതായി 1977 ൽ നിയമസഭയിൽ ആരോപിച്ച പിണറായി വിജയൻ ഇന്നു ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാനത്തെന്പാടും പോലീസിന്റെ ക്രൂര മർദനം തുടരുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ റോജി എം. ജോണ് ആരോപിച്ചു.
കേരളത്തിന്റെ ജനകീയ പോലീസ് സേന കൈക്കൂലിപ്പണം എണ്ണി മേടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ഒൻപതു വർഷമായി 17 കസ്റ്റഡി മരണങ്ങളാണു സംഭവിച്ചതെന്നും പോലീസ് കംപ്ലയൻസ് അഥോറിറ്റി പിരിച്ചുവിടണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
സിപിഐ സമ്മേളന വേദിയിൽ പോലീസ് മർദനത്തിനെതിരേയും നിയമസഭയിൽ എത്തിയാൽ പോലീസ് മർദനത്തെ ന്യായീകരിച്ചും പ്രസംഗിക്കുന്ന സമീപനമാണു സിപിഐ നേതാക്കൾ സ്വീകരിക്കുന്നതെന്നു മുസ്ലിം ലീഗിലെ എൻ. ഷംസുദീൻ ആരോപിച്ചു.