പുനരൈക്യ വാര്‍ഷിക സംഗമത്തിന് അടൂരില്‍ തുടക്കം
Wednesday, September 17, 2025 1:37 AM IST
അടൂര്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാര്ഷികാഘോഷത്തിനു വാര്‍ണാഭമായ തുടക്കം.
സമ്മേളന നഗറായ അടൂര്‍ ഓള് സെയിന്റ്സ് പബ്ലിക് സ്കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പതാക ഉയര്‍ത്തിയതോടെയാണ് 95-ാമത് പുനരൈക്യ വാര്‍ഷിക സംഗമത്തിനു തുടക്കമായത്.
വിവിധ രൂപതകളില്‍നിന്നും വൈദിക ജില്ലകളില്‍നിന്നുമുള്ള പ്രയാണങ്ങള്‍ അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു. പ്രയാണങ്ങള്‍ ഒന്നുചേര്‍ന്നാണ് പ്രധാന സമ്മേളന വേദിയിലേക്ക് എത്തിയത്. തിരുവനന്തപുരം മേജര്‍ അതിരൂപതയില്‍നിന്നെത്തിയ ദീപശിഖാ പ്രയാണവും മാവേലിക്കരയിലെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹത്തില്നിന്ന് എത്തിയ അദ്ദേഹത്തിന്റെ ഛായാചിത്രവും തിരുവല്ല അതിഭദ്രാസനത്തില്‍നിന്ന് എത്തിച്ച മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും വൈദികരുടെയും അല്മായ നേതാക്കളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ അടൂരില്‍ സംഗമിച്ചു.
പത്തനംതിട്ട രൂപതയിലെ റാന്നി - പെരുനാട് വൈദിക ജില്ലയില്‍നിന്നു കാതോലിക്കാ പതാകയും സീതത്തോടുനിന്നു വള്ളിക്കുരിശും പന്തളത്തുനിന്നു സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവും കോന്നി വൈദിക ജില്ലയില്‍നിന്നു ബൈബിളും പത്തനംതിട്ട വൈദിക ജില്ലയില്‍നിന്ന് ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ ഛായാചിത്രവും വഹിച്ചുള്ള പ്രയാണങ്ങളും അടൂര്‍ സെന്‍ട്രലില്‍ സംഗമിച്ചു. തുടര്‍ന്ന് പ്രയാണങ്ങള്‍ വിശ്വാസികളുടെ അകമ്പടിയോടെ മാര്‍ ഈവാനിയോസ് നഗറിലെത്തി.
മലങ്കര സഭയ്ക്കു വേറിട്ട ദൗത്യം ഉള്ളതിനാലാണ് വര്‍ഷംതോറും പുനരൈക്യ വാര്‍ഷികം നടക്കുന്നതെന്ന് പ്രയാണങ്ങളെ സ്വീകരിച്ചു നല്കിയ സന്ദേശത്തില്‍ കര്‍ദിനാര്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പത്തനംതിട്ട ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, മാവേലിക്കര ബിഷപ് മാത്യൂസ് മാര്‍ പോളിക്കോര്‍പ്പോസ്, പൂന കട്കി ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ്, പത്തനംതിട്ട രൂപതയുടെ പ്രഥമ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്ന് സ്റ്റീഫന്‍ ദേവസി അവതരിപ്പിച്ച സംഗീത സദസുണ്ടായിരുന്നു. ഇന്നു മുതല്‍ മൂന്ന് ദിവസം ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനശുശ്രൂഷ സമ്മേളന നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം ആറിന് ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. 20നാണ് പുനരൈക്യ വാര്‍ഷിക സഭാസംഗമം.