പീച്ചിയിലെ ‘ഒറ്റപ്പെട്ട സംഭവ’ത്തിൽ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Wednesday, September 17, 2025 1:37 AM IST
പട്ടിക്കാട് (തൃശൂർ): പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജരെയും ഡ്രൈവറെയും മർദിച്ച സംഭവത്തിൽ എസ്എച്ച്ഒ പി.എം. രതീഷിനു സസ്പെൻഷൻ. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആയ രതീഷിനെ ദക്ഷിണമേഖല ഐജിയാണു സസ്പെൻഡ് ചെയ്തത്.
2023 മേയ് 24നാണു പട്ടിക്കാട് ഫുഡ് ആൻഡ് ഫൺ ഹോട്ടൽ മാനേജരെയും ഡ്രൈവറെയും പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പി.എം. രതീഷ് ഫ്ലാസ്ക് കൊണ്ട് തല്ലാൻ ശ്രമിക്കുകയും ചുമരിൽ ചാരിനിർത്തി മർദിക്കുകയും ചെയ്തത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ വണ്ടാഴി സ്വദേശി ദിനേശൻ നൽകിയ വ്യാജപരാതിയിലായിരുന്നു മർദനം.
തുടർന്നു ജീവനക്കാരെയും തന്റെ ഇളയ മകനെയും ലോക്കപ്പിലാക്കി സമ്മർദത്തിലാക്കുകയും പരാതിക്കാരനായ ദിനേശന് ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ പോക്സോ ചുമത്തി ജാമ്യം കിട്ടാത്തവിധം ജയിലിൽ അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ് പറഞ്ഞിരുന്നു. ഇതിനായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എസ്ഐ രതീഷിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദക്ഷിണമേഖല ഐജിയുടെ ഓഫീസിൽ ഏഴു മാസത്തോളമാണ് കെട്ടിക്കിടന്നത്.
ആരോപണവിധേയനായ രതീഷിനു പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയും കടവന്ത്ര എസ്എച്ച്ഒ ആയി നിയമിക്കുകയും ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മീഷൻ മുഖേന പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ ലഭിക്കുന്നതിന് ഔസേപ്പ് അപേക്ഷിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞു മുടക്കുകയായിരുന്നു. ഒടുവിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനുശേഷമാണു ദൃശ്യങ്ങൾ നൽകാൻ പോലീസ് തയാറായത്.