വ്യവസായിയുടെ 24.7 കോടി തട്ടിയ കേസ്: കൊല്ലം സ്വദേശിനി അറസ്റ്റിൽ
Thursday, September 18, 2025 1:18 AM IST
കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയിൽനിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസിൽ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശിനി സുജിതയെയാണു പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത 24.7 കോടി രൂപയിൽനിന്ന് മൂന്നു ലക്ഷത്തോളം രൂപ സുജിതയുടെ പാലാരിവട്ടത്തെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ തുക വിദേശ അക്കൗണ്ടിലേക്കു മാറ്റിയതായും ഇതിന് സുജിത കമ്മീഷൻ കൈപ്പറ്റിയിരുന്നതായുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇവരെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യും.
2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് എളംകുളം സ്വദേശിയുടെ 24.7 കോടി രൂപ സൈബർ തട്ടിപ്പുസംഘം അപഹരിച്ചത്. കലിഫോർണിയ ആസ്ഥാനമായ കാപ്പിറ്റലിക്സ് ട്രേഡിംഗ് കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
ഷെയര്‍ ട്രേഡിംഗുമായി ബന്ധപ്പെട്ട് പരാതിക്കാരനായ വ്യവസായിയുമായി ഡാനിയേല്‍ എന്നു പരിചയപ്പെടുത്തിയ മലയാളിയാണ് ആശയവിനിമയം നടത്തിയത്. ഇയാളുടെ നിര്‍ദേശപ്രകാരമാണു പലതവണകളായി 24.7 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യവസായി നിക്ഷേപിച്ചത്. ഫോണ്‍ വഴി മാത്രമാണു ഡാനിയേല്‍ എന്നയാളുമായി ബന്ധപ്പെട്ടിരുന്നത്. ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്.
തട്ടിപ്പ് ആസൂത്രണം ചെയ്തതു യൂറോപ്യൻ രാജ്യമായ സൈപ്രസിലാണെന്നാണു പോലീസ് നിഗമനം. കാപ്പിറ്റാലിക്സ് ഡോട് കോം എന്ന വെബ്സൈറ്റ് വഴി ട്രേഡിംഗ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി കാപ്പിറ്റാലിക്സ് ബോട്ട് എന്ന ടെലിഗ്രാം അക്കൗണ്ടും ഉപയോഗിച്ചു. കൊച്ചി സിറ്റി പോലീസിലെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കാപ്പിറ്റാലിക്സ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കലിഫോര്ണിയയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മുമ്പും രാജ്യാന്തര സൈബര്‍ തട്ടിപ്പുകേസുകളില്‍ കാപ്പിറ്റാലിക്സ് പ്രതിയായിട്ടുണ്ട്.