ഭരണഘടന തിരുത്തിയെഴുതണമെന്ന പരാമർശം തള്ളി ആർഎസ്എസ്
Wednesday, September 17, 2025 1:37 AM IST
കൊച്ചി: ഭരണഘടന തിരുത്തിയെഴുതണമെന്ന ആർഎസ്എസ് പ്രസിദ്ധീകരണമായ ‘കേസരി’യിലെ പരാമർശം തള്ളി ആർഎസ്എസ്. ലേഖനത്തിലേത് പത്രാധിപരുടെയോ ലേഖകന്റെയോ മാത്രം അഭിപ്രായമാണെന്ന് ആർഎസ്എസ് പ്രാന്തീയ കാര്യദർശിയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ ആർ. സഞ്ജയൻ വ്യക്തമാക്കി.
ആർഎസ്എസ് ഭരണഘടന തിരുത്തിയെഴുതണമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സഞ്ജയൻ പറഞ്ഞു. എന്നാൽ മതപരിവർത്തനം നടക്കുന്നുവെന്നത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്.
മതപരിവർത്തനത്തിന്റെ കാര്യത്തിൽ മാത്രമാണു സംഘത്തിന് ന്യൂനപക്ഷങ്ങളുമായി വിയോജിപ്പുള്ളത്. ഛത്തീസ്ഗഡിൽ ജയിലിലായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിന് ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപിയിലെ നേതാക്കൾ ഇടപെട്ടതിൽ തെറ്റില്ല.
സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പസംഗമം നാടകമാണ്. അന്യാധീനപ്പെടുന്ന ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമങ്ങൾ ഉണ്ടാകണമെന്നും ആർ. സഞ്ജയൻ കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ശീർഷകത്തിലായിരുന്നു ‘കേസരി’യിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിക്കുന്ന ലേഖനത്തിന്റെ അവസാനഭാഗത്താണു ഭരണഘടന ഭേദഗതി ചെയ്യേണ്ടിവന്നാൽ അതും ചെയ്യണം എന്നെഴുതിയിട്ടുള്ളത്.